തിരുവനന്തപുരം: കേരളത്തിന് വീണ്ടും ആശ്വാസത്തിന്റെ ദിനം. ഇന്നലെ സംസ്ഥാനത്ത് ആർക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. ഏഴു പേർക്ക് രോഗം ഭേദമാകുകയും ചെയ്തു. കോട്ടയത്ത് ആറും പത്തനംതിട്ടയിൽ ഒരാളുമാണ് രോഗമുക്തരായത്. കോട്ടയത്ത് രോഗം ഭേദമായവരിൽ ഒരാൾ ഇടുക്കി സ്വദേശിയാണ്. ഇതുവരെ 502 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 30 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 18 പേർ കണ്ണൂരിലാണ്. 14,670 പേരാണ് നിരീക്ഷണത്തിലുള്ളത്. 14,402 പേർ വീടുകളിലും 268 പേർ ആശുപത്രികളിലുമാണ്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നത് ആശ്വാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് മുക്ത ജില്ലകൾ
കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം
ഹോട്ട് സ്‌പോട്ടുകൾ - 84
രോഗമുക്തി നേടിയവർ: 469
ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്: 58