തിരുവനന്തപുരം : തമിഴ്‍നാട്ടിൽ കുടുങ്ങിയ മലയാളികളിൽ 290 പേർ ഇഞ്ചിവിള ചെക്ക് പോസ്റ്റ് വഴി ഇന്നലെ തിരിച്ചെത്തി. നോർക്ക വഴി രജിസ്റ്റർ ചെയ്ത് പാസ് നേടിയവരാണ് പരിശോധന പൂർത്തിയാക്കി തിരിച്ചെത്തിയത്. തമിഴ്‍നാട്ടിലെ വിവിധ റെഡ് സോൺ മേഖലയിൽ നിന്നുമെത്തിയ 35 പേരെ പരിശോധനകൾക്കുശേഷം ആംബുലൻസുകളിൽ മാർ ഇവാനിയോസ് കോളേജിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഓറഞ്ച് സോണിൽ നിന്നടക്കം വന്നവരെ പരിശോധനകൾക്ക് ശേഷം വീടുകളിൽ ക്വറന്റൈനിൽ കഴിയാനായി വിട്ടു. കഴിഞ്ഞ ദിവസം തമിഴ്‌നാട് സർക്കാരിന്റെ അനുമതി ഇല്ലാത്തതിനാൽ കേരളത്തിലേക്ക് പ്രവേശനം ലഭിക്കാതിരുന്ന സംഭവം ഉണ്ടായതിനാൽ ഇന്നലെ തമിഴ്‌നാട് സർക്കാരിന്റെ പാസ് ലഭിക്കുന്നതിൽ ബുദ്ധിമുട്ടൊന്നും നേരിട്ടില്ല. തമിഴ്‌നാട്ടിൽ നിന്നും രേഖകളിൽ പറയുന്ന പ്രകാരം സ്വന്തം വാഹനങ്ങളിൽ വരുന്നവർക്ക് യാത്ര തുടരാം. ടാക്സികളിലോ മറ്റോ എത്തുന്നവർക്ക് കേരളത്തിലെ വാഹനത്തിൽ യാത്ര തുടരാമെന്നാണ് നിയമം. സ്വന്തം വാഹനങ്ങൾ ഉള്ളവരാണ് ഇന്നലെ വന്നവരിലേറെയും. സ്വന്തം വാഹനങ്ങൾ ഇല്ലാത്തവർ തമിഴ്‍നാട്ടിൽ നിന്നും സ്വകാര്യ വാഹനങ്ങളിലെത്തി ചെക്ക് പോസ്റ്റിലെ പരിശോധനകൾ കഴിഞ്ഞ് കേരളത്തിലെ ബന്ധുക്കൾ കൊണ്ടുവന്ന വാഹനങ്ങളിൽ കയറിയാണ് വീടുകയിലേക്ക് മടങ്ങിയത്. നോർക്ക വഴി രജിസ്റ്റർ ചെയ്ത് പാസ് നേടിയ 25,410 പേരിൽ ഉൾപ്പെട്ടവരാണ് മടങ്ങിയവരെല്ലാം.