കിളിമാനൂർ: രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയിലും കാറ്റിലും ഇടിമിന്നലിലും വ്യാപക നാശനഷ്ടം.ഇടിമിന്നലിൽ നിരവധി വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളാണ് നശിച്ചത്. കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ മരം കടപുഴകി വീടുകൾക്ക് കേടുപാട് സംഭവിച്ചു. സംസ്ഥാന - ദേശീയ പാതകളെ ബന്ധിപ്പിക്കുന്ന കിളിമാനൂർ - ആലംകോട് റോഡിൽ ഇലക്ട്രിക് പോസ്റ്റും മരങ്ങളും റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ശക്തമായ കാറ്റിൽ തെങ്ങ്, വാഴ, കമുക്, കുരുമുളക്, മരിച്ചീനി മുതലായ കൃഷികളും പൂർണമായും നശിച്ചു.ചെങ്കിക്കുന്ന് ശ്രീ ശങ്കരത്തിൽ വേണുവിന്റെ വീടിന് മുകളിലേക്ക് മരം വീണ് മേൽക്കൂരയും നിറുത്തിയിട്ടിരുന്ന കാറും തകർന്നു. നഗരൂരിൽ കായാട്ടു കോണം തണൽ വീട്ടിൽ രഘു, തേക്കിൻകാട് ആനത്തോട് വീട്ടിൽ സരള , തേക്കിൻകാട് സുമ ഭവനിൽ ബാലകൃഷ്ണൻ എന്നിവരുടെ വീടുകൾക്ക് മുകളിൽ മരങ്ങൾ വീണ് മേൽക്കൂര തകർന്നു. കായാട്ടുകോണം രഘുവിന്റെ പുരയിടത്തിലെ പതിനഞ്ചോളം റബർ മരങ്ങൾ മറിഞ്ഞു വീണു.
കല്ലമ്പലം മേഖലയിൽ വ്യാപക നാശം.മണമ്പൂർ, കവലയൂർ മേഖലകളിൽ മൂന്നിടത്ത് മരച്ചില്ലകൾ വീണ് വൈദ്യുതി ലൈനുകൾ തകരാറിലായി. പ്രദേശത്ത് ഒരു വീട് പൂർണമായും രണ്ടു വീടുകൾ ഭാഗികമായും തകർന്നു.മണമ്പൂർ പെരുംകുളം വടക്കേതിൽ വീട്ടിൽ ബേബിയുടെ ഷീറ്റിട്ട വീടാണ് തകർന്നത്. മണമ്പൂർ പുലരിയിൽ ഹരിലാലിന്റെയും ഓടൻവിളയിൽ ശാന്തിയുടെയും വീടുകളാണ് ഭാഗികമായി തകർന്നത്. നാവായിക്കുളം, മുല്ലനല്ലൂർ, ഡീസന്റ് മുക്ക്,വെള്ളൂർക്കോണം പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റിൽ കൃഷി നശിച്ചു. മുല്ലനല്ലൂർ മുഹമ്മദ് ബഷീറിന്റെ നൂറോളം വാഴകൾ ഒടിഞ്ഞു വീണു.വീട്ടുവളപ്പിലെ പ്ളാവ് കടപുഴകി ഡീസന്റ് മുക്ക് കണ്ണൻ നിവാസിൽ ശകുന്തളയുടെ വീടിന്റെ മതിൽ തകർന്നു. വൈരമല, അമ്പിളി മുക്ക്, കരവാരം മേഖലകളിൽ മരങ്ങൾ വീണ് വൈദ്യുതി ബന്ധം താറുമാറായി.പുല്ലൂർമുക്ക് വഴുതാണികോണത്ത് ജഗദേവന്റെ പ്ലാവും മാവും കാറ്റിൽ കടപുഴകി.
അഴൂർ, കിഴുവിലം പഞ്ചായത്തുകളിൽ കനത്ത നാശം.അഴൂർ പഞ്ചായത്തിലെ മുട്ടപ്പലം പ്രദേശത്ത് ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി നിരവധി വീടുകൾ തകർന്നു.ഷീറ്റ് മേഞ്ഞ പല വീടുകളുടെയും മേൽക്കൂര പറന്നുപോയി.റോഡിനു കുറുകേ വൈദ്യുതി കമ്പികൾ പൊട്ടിവീണതിനാൽ ഗതാഗതം തടസപ്പെട്ടു. ജനപ്രതിനിധികൾ, ഫയർഫോഴ്സ്, പൊലീസ്, കെ.എസ്.ഇ.ബി ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ മണിക്കൂറുകളോളം പരിശ്രമിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അഴൂർ പഞ്ചായത്തിൽ മുട്ടപ്പലം,ആൽത്തറമൂട്, നവഭാവന ജംഗ്‌ഷൻ, എം.എഫ്.എ.സി ജംഗ്‌ഷൻ,പെരുങ്ങുഴി റെയിൽവേ സ്റ്റേഷൻ,പെരുങ്ങുഴി ജംഗ്‌ഷൻ, നാലുമുക്ക്, ഇടഞ്ഞുംമൂല, മൂന്നുമുക്ക്,അഴൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറെ നാശനഷ്ടങ്ങൾ ഉണ്ടായത്. അഴൂർ പഞ്ചായത്തിൽ നാല്പതോളം വീടുകൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി.കിഴുവിലം പഞ്ചായത്തിൽ രണ്ട്, മൂന്ന്, നാല്, അഞ്ച് വാർഡുകളിലാണ് ഏറെ നാശനഷ്ടം സംഭവിച്ചത് മുടപുരം ജംഗ്‌ഷനിൽ ശാന്തി വായനശാലയ്ക്ക് മുന്നിൽ നിന്നിരുന്ന തണൽമരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞ് വീണ് മണിക്കൂറുകളോളം റോഡിൽ ഗതാഗതം തടസപ്പെട്ടു.മുടപുരം യു.പി സ്കൂളിന്റെ കെട്ടിടത്തിൽ മരം ഒടിഞ്ഞു വീണ് കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും ഇലക്ട്രിക് പോസ്റ്റ് തകരുകയും ചെയ്തു. കിഴുവിലം പഞ്ചായത്തിൽ 25 ഓളം വീടുകൾക്ക് ഭാഗികമായി കേടുപാട് സംഭവിച്ചിട്ടുണ്ട്.
കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കിഴുവിലം അണ്ടൂർ എലായിൽ നടത്തിയിരുന്ന കൃഷി പൂർണമായി നശിച്ചു.പഞ്ചായത്തിലെ ഏഴ്,എട്ട് വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന എട്ട് ഏക്കർ ഭൂമിയിലായിരുന്നു കൃഷി.പതിനഞ്ചു കർഷകർ ചേർന്നാണ് വാഴയും മരച്ചീനിയും ഉൾപ്പെടെ കൃഷി ഇറക്കിയത്.കപ്പ, ഏത്തൻ ഇനത്തിൽപ്പെട്ട എണ്ണായിരം വാഴകളും പൂർണമായി നശിച്ചു.ഡെപ്യൂട്ടി സ്പീക്കർ വി.ശശി, സി.പി.ഐ. സംസ്ഥാന കമ്മിറ്റി അംഗം മനോജ് ബി.ഇടമന, കൃഷി അസിസ്റ്റന്റ് ഡയറക്ടർ നൗഷാദ്, കൃഷി ഓഫീസർ അഭിധ സി.പി.ഐ കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. അൻവർഷാ എന്നിവർ സ്ഥലം സന്ദർശിച്ചു.
മംഗലപുരം പഞ്ചായത്തിൽ ശാസ്തവട്ടത്ത് വൻ നാശനഷ്ടം.രണ്ടു വീടുകളിലെ മേൽക്കൂര പറന്നു പോയി.മറ്റു വീടുകൾക്കും ഭാഗികമായി തകർന്നിട്ടുണ്ട്.തകർന്ന വീടുകളിൽ താമസിച്ചിരുന്ന സ്ത്രീകളെയും കുട്ടികളെയും ശാസ്തവട്ടത്തെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി.മാജിത ബീവി, തൻസീർ മനസിൽ, ഇന്ദിര, മുഹമ്മദ് ബഷീർ, സൈന മനസിൽ, സ്വർണലത, ശിവപ്രസാദ്, ബിനുകുമാർ, അശ്വതി, സോമൻ, സിന്ധു, സോമൻ,ജെസ്സി,അംബുജാക്ഷി എന്നിവരുടെ വീടുകളും നാശനഷ്ടത്തിൽ തകർന്നു. പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മംഗലപുരം ഷാഫി, മെമ്പർമാരായ ദീപാ സുരേഷ്, വി. അജികുമാർ, അസിസ്റ്റന്റ് സെക്രട്ടറി എസ്. സുഹാസ് ലാൽ എന്നിവർ സംഭവ സ്ഥലത്തെത്തിയാണ് വീട്ടിലുണ്ടായിരുന്നവരെ മാറ്റി പാർപ്പിച്ചത്.
ചിറയിൻകീഴ്,പെരുങ്ങുഴി മേഖലയിൽ മരങ്ങൾ ഒടിഞ്ഞും കടപുഴകി വീടുകൾക്കും വൈദ്യുതി ലൈനുകൾക്കും മുകളിൽ വീണും നാശം സംഭവിച്ചു.കീഴാറ്റിങ്ങൽ മിൽകോ ഡെയറിക്ക് മുകളിലൂടെ മരവും പ്ലാവും ഒടിഞ്ഞുവീണ് മേൽക്കൂരയ്ക്കും സമീപത്തെ മതിലിനും സാരമായ കേടുപാടുകൾ പറ്റി. പെരുങ്ങുഴി ഹൈമാവതി വിളാകത്ത് ഗോമതിയുടെ വീടിന് മുകളിലൂടെയും പെരുങ്ങുഴി വയൽതിട്ട വീട്ടിൽ ബീനയുടെ വീടിന് മുകളിലൂടെയും മരങ്ങൾ ഒടിഞ്ഞു വീണ് വീടിന് ഭാഗികമായി കേടുപാടുകൾ പറ്റി.പെരുങ്ങുഴി മടയ്ക്കൽ കൊച്ചുവിളാകത്ത് ഷിബുവിന്റെ കന്നുകാലി തൊഴുത്ത് മരം വീണ് പൂർണമായും തകർന്നു. മടയ്ക്കൽ ശാന്ത, അനിത എന്നിവരുടെ കക്കൂസുകൾ മരം വീണ് തകർന്നു. മടയ്ക്കൽ വിമലയുടെ വീടിനും ടാങ്കിനും മരം വീണ് കേടുപാടുകൾ പറ്റി. കുഴിയം മേഖലയിൽ ഗോമതി, ഓമന, ശ്രീദേവി,പെരുങ്ങുഴി നായിഡു ജംഗ്ഷനിൽ സരസ്വതി, ലീല, പെരുങ്ങുഴി ബാബു തിയേറ്ററിന് സമീപം ഓമന, പെരുങ്ങുഴി റെയിൽവേ സ്റ്റേഷന് സമീപം രാജേന്ദ്രൻ എന്നിവരുടെ വീടുകൾക്കും മരം വീണ് കേടുപാടുകൾ പറ്റി. പെരുങ്ങുഴി നേരുകടവിന് സമീപം രമ, പെരുങ്ങുഴി കോളം പാലത്തിന് സമീപം മണിയൻ എന്നിവരുടെ വീടിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ ശക്തമായ കാറ്റിൽ പറന്നുപോയി.പെരുമാതുറ ഭാഗത്ത് കാറ്റിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ പറ്റി.
വർക്കല മേഖലയിൽ മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകൾക്ക് നാശനഷ്ടമുണ്ടായി. വർക്കല മൈതാനം ഹോമിയോ ആശുപത്രി, പുത്തൻചന്ത, താഴെ വെട്ടൂർറോഡ്, വടശ്ശേരിക്കോണം, ഞെക്കാട്, മണമ്പൂർ, ചെറുന്നിയൂർ, വെന്നിക്കോട് ,കാട്ടുവിള, വെട്ടൂർ എന്നിവിടങ്ങളിൽ മരങ്ങൾ വൈദ്യുതി കമ്പികൾക്ക് മുകളിലും റോഡിന് കുറുകെയും വീണ് വൈദ്യുതിവിതരണം നിലയ്ക്കുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. വർക്കലയുടെ വിവിധ പ്രദേശങ്ങളിൽ മണിക്കൂറോളം വൈദ്യുതി വിതരണം തടസപ്പെട്ടു.