പാറശാല: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവരെ പരിശോധിക്കാനും യാത്രാനുമതി നൽകാനുമായി തമിഴ്‌നാട് അതിർത്തിയിലെ ഇഞ്ചിവിള ചെക്ക്പോസ്റ്റ് സുസജ്ജം. ഡെപ്യൂട്ടി കളക്ടറുടെയും അഡിഷണൽ ഡി.എം.ഒയുടെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് പ്രത്യേക കൗണ്ടർ പ്രവർത്തിക്കുന്നത്. ഇഞ്ചിവിളയിലെ ശിവശക്തി ഓഡിറ്റോറിയത്തിലാണ് കൗണ്ടർ സജ്ജീകരിച്ചിട്ടുള്ളത്. ഓൺലൈൻ രജിസ്ട്രേഷനിലൂടെ ലഭിക്കുന്ന പാസുമായി അതിർത്തി കടന്നെത്തുന്ന യാത്രക്കാരെ ടോക്കണെടുത്ത് താപനില പരിശോധന നടത്തിയ ശേഷമാണ് കൗണ്ടറിനകത്തേക്ക് കടത്തിവിടുന്നത്. ഇവർക്ക് വിശ്രമിക്കാനായി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ടോക്കൺ നമ്പർ ക്രമത്തിൽ ഇവരെ പ്രധാന കേന്ദ്രത്തിലേക്ക് എത്തിച്ച് യാത്രാ രേഖകൾ പരിശോധിക്കും. രേഖകൾ ഓൺലൈൻ വഴി പരിശോധന നടത്തി ഉറപ്പുവരുത്തും. തുടർന്ന് നാല് കൗണ്ടറുകളിൽ സജ്ജീകരിച്ചിട്ടുള്ള ഡോക്ടർമാരുടെ കാബിനിലേക്ക് ഇവരെ അയച്ച് രോഗമില്ലെന്ന് ഉറപ്പിച്ച ശേഷമാണ് യാത്രാനുമതി നൽകുക. അനുമതി ലഭിച്ചാൽ ഇവർ പോകുന്ന തദ്ദേശ സ്ഥാപനത്തിലേക്കും അവിടത്തെ മെഡിക്കൽ ഓഫീസർക്കും സന്ദേശം അയയ്ക്കും. 14 ദിവസ ക്വാറന്റൈൻ പാലിക്കുമെന്ന് ഉറപ്പുവരുത്താനാണിത്. റെഡ് സോൺ, ഹോട്ട് സ്‌പോട്ട് മേഖലയിൽ നിന്നെത്തുന്നവരെ മാർ ഇവാനിയോസ് കോളേജിലെ ക്വാറന്റൈൻ കേന്ദ്രത്തിലും, പനിയുടെ ലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേക ആംബുലൻസിൽ കാരക്കോണം ആശുപത്രിയിലേക്കും കൊണ്ടുപോകും. ആരോഗ്യം, റവന്യൂ, ഗതാഗതം, ഫയർഫോഴ്സ്, പൊലീസ് തുടങ്ങിയ വകുപ്പുകളിൽ നിന്നായി നൂറിലധികം ജീവനക്കാരാണ് പരിശോധന കേന്ദ്രത്തിലുള്ളത്. ഇവിടെ എത്തുന്നവർക്കായി ലഘുഭക്ഷണം ലഭിക്കുന്ന കടയും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് ആറുവരെയാണ് യാത്രാനുമതിയെങ്കിലും പരിശോധനയിലെ ആദ്യ ദിവസം രാത്രി 8.30നെത്തിയ ഗർഭിണിയടക്കമുള്ളവരെ അതിർത്തി കടത്തിവിട്ടതായി നെയ്യാറ്റിൻകര തഹസീൽദാർ അജയൻ പറഞ്ഞു.