swaram

നാഗർകോവിൽ: കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക് ഡൗണിൽ നാദസ്വര കലാകാരന്മാരുടെ ജീവിതത്തിന്റെ താളം തെറ്റിയിരിക്കുകയാണ്. നാഗർകോവിലിൽ നിന്നുള്ള നാദസ്വര, മദ്ദള വാദകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് കേരളത്തെയാണ്. ഉത്സവ,കല്യാണ സീസൺ ആയതിനാൽ മാ‌ർച്ച് മുതൽ ജൂൺ വരെയും ഇവർ തിരക്കിലാവും. മറ്റു തൊഴിൽ മേഖലകളിൽ കാര്യമായി ചുവടു വച്ചിട്ടില്ലാത്ത ഇവരുടെ കുലത്തൊഴിൽ കൂടിയാണിത്. ഒരു വർഷത്തേക്കുള്ള വരുമാനം ഈ സീസണിൽ നിന്നാണ് ലഭിക്കുന്നത്. ലോക്ക് ഡൗൺ വന്നതോടെ നടത്താൻ നിശ്ചയിച്ചിരുന്ന ഉത്സവങ്ങളും വിവാഹങ്ങളുമടക്കം എല്ലാം മാറ്റിയതോടെ ബുക്ക് ചെയ്‌തിരുന്ന പലരും അഡ്വാൻസ് തിരികെ വാങ്ങി ബുക്കിംഗ് കാൻസൽ ചെയ്തു. മിക്കയിടത്തെയും ഉത്സവങ്ങൾ ചടങ്ങ് മാത്രമായി നടത്തിയതും ഇവർക്ക് തിരിച്ചടിയായി. അവശ കലാകാരന്മാരായ ഇവർക്ക് കാര്യമായ സാമ്പത്തിക സഹായവും സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ല എന്നതും ഇവരുടെ ദുരിതത്തിന്റെ ആക്കം കൂട്ടി. സാധാരണയായി മാരാർ, കമ്പർ എന്നീ വിഭാഗങ്ങളിൽപെട്ടവരാണ് പഴയകാലത്തെ നാദസ്വരക്കാർ. എന്നാൽ ഇപ്പോൾ പല വിഭാഗക്കാരും ഈ മേഖലയിൽ സജീവമാണ്.

കഴിഞ്ഞ 25 കൊല്ലമായി കേരളം - തമിഴ്നാട് ഭാഗങ്ങളിലെ വിവിധ ക്ഷേത്രങ്ങളിലും വിവാഹങ്ങളിലും നാദസ്വര വാദകനായി പോയിട്ടുണ്ട്. എന്നാൽ ഇത്രനാൾ ഉണ്ടാകാത്ത ദുരിതമാണ് ഇപ്പോഴുള്ളത്. ഭക്ഷണത്തിനും മരുന്നിനും വരെ കഷ്ടപ്പാട്. ഇനി വരുമാനം വരണമെങ്കിൽ അടുത്ത വർഷമാകും. ഇനി സർക്കാരിന്റെ ഭാഗത്തു നിന്നുള്ള കാര്യമായ ഇടപെടലുകൾ ഉണ്ടായാലേ മുന്നോട്ടു പോകാനാവൂ. -

പിച്ചയ്യ, നാദസ്വര വാദകൻ, കുമാരകോവിൽ സ്വദേശി