lights

തിരുവനന്തപുരം:പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് 25,​000 കേന്ദ്രങ്ങളിൽ മെഴുകുതിരി തെളിക്കുന്നതിന്റെ ഉദ്ഘാടനം കെ.പി.സി.സി ആസ്ഥാനത്ത് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പരസ്പരവിരുദ്ധമായ നിർദ്ദേശങ്ങൾ മടങ്ങിയെത്തുന്ന പ്രവാസികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണെന്നും വിമാനയാത്രക്കൂലിയും ക്വാറന്റൈൻ ചെലവും പ്രവാസികൾ വഹിക്കണമെന്ന നിലപാട് മനുഷ്യത്വരഹിതമാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പ്രവാസികൾ നാടിനു വേണ്ടി ജോലി ചെയ്തവരാണ്. അവരുടെ സുരക്ഷ സർക്കാർ ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി,എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്, ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ, പാലോട് രവി,മണക്കാട് സുരേഷ്,പഴകുളം മധു എന്നിവരും കെ.പി.സി.സി ആസ്ഥാനത്തെ മെഴുകുതിരി തെളിയിക്കലിൽ അണിനിരന്നു.വി.എം.സുധീരൻ ഗൗരീശപട്ടത്തും തെന്നല ബാലകൃഷ്ണപിള്ള യമുന ജംഗ്ഷനിലും, എം.എം.ഹസ്സൻ ജഗതി ജംഗ്ഷനിലും,തമ്പാനൂർ രവി ശാസ്തമംഗലം ജംഗ്ഷനിലും മെഴുകുതിരി തെളിയിക്കലിന് നേതൃത്വം നൽകി.ജില്ലകളിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാർ,കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡന്റുമാർ,എം.പിമാർ, എം.എൽ.എമാർ എന്നിവരും നേതൃത്വം നൽകി.