തിരുവനന്തപുരം: രാഷ്ട്രീയ വിമർശനങ്ങളെ അവഗണിച്ച് മുഖ്യമന്ത്റി. സ്വയം അപഹാസ്യരാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുന്നത് നല്ലതാണെന്ന് മുഖ്യമന്ത്റി പറഞ്ഞു. നാട്ടിലേക്ക് മടങ്ങുന്നത് 80000 പ്രവാസികൾ മാത്രമാണെന്നും വിമാനം കയറുന്നതിന് മുമ്പ് പരിശോധനയില്ലെന്ന് മുഖ്യമന്ത്റി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ ആരോപിച്ചിരുന്നു. കേരളത്തിൽ മടങ്ങിയെത്തുന്ന പ്രവാസികളുടെ കണക്ക് മുഖ്യമന്ത്റിക്ക് എവിടെ നിന്ന് ലഭിച്ചെന്ന കേന്ദ്രമന്ത്റിയുടെ ചോദ്യത്തിന് മുഖ്യമന്ത്റിയെന്ന നിലയിൽ ലഭിച്ചതാണെന്നും അതേക്കുറിച്ച് ആശങ്ക വേണ്ടെന്നുമായിരുന്നു മറുപടി. പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിൽ കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിൽ ഏകോപനമില്ലെന്നും വ്യക്തതക്കുറവ് ഉണ്ടെന്നുമുള്ള പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തോട് മുഖ്യമന്ത്റിയുടെ മറുപടി ഇങ്ങനെ; അദ്ദേഹത്തിന് വ്യക്തതയുണ്ടാക്കാൻ ഞാൻ അശക്തനാണ്. കാരണം ഒരു കാലത്തും വ്യക്തതയുണ്ടാവില്ലെന്നുറപ്പിച്ച് അദ്ദേഹം നോക്കിക്കൊണ്ടിരിക്കുകയാണ്. അതിനാൽ മറുപടി പറയാൻ ഞാൻ അശക്തനാണ്.
മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധൂർത്തടിക്കാനായി പണം സംഭാവന ചെയ്യാൻ സാധിക്കില്ലെന്നും പ്രളയഫണ്ടിനെക്കുറിച്ചുമുള്ള കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമർശനത്തോടും ചുരുക്കം ചില വാക്കുകളിലാണ് മുഖ്യമന്ത്റി പ്രതികരിച്ചത്. 'അതിനൊന്നും മറുപടി പറയുന്നില്ല. അത്തരം കാര്യങ്ങൾക്ക് മറുപടി പറയാനല്ല ഇവിടെ ഇരിക്കുന്നത്. ഇതൊന്നും നാട്ടിൽ വിലപ്പോവുന്ന കാര്യങ്ങളല്ലെന്ന് പറയുന്നവരൊക്കെ മനസ്സിലാക്കിയാൽ നല്ലത് ' മുഖ്യമന്ത്റി പറഞ്ഞു.