തിരുവനന്തപുരം: കോഴിക്കോട് അസി.കളക്ടർ ട്രെയ്നിയായി നിയോഗിക്കപ്പെട്ട ശ്രീധന്യ സുരേഷിനെ മന്ത്രി എ.കെ.ബാലൻ അഭിനന്ദിച്ചു. ആദിവാസി മേഖലയിൽ നിന്നുള്ള സമർത്ഥയായ കുട്ടി എന്ന നിലയ്ക്ക് പ്രത്യേക പരിഗണനയാണ് പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പ് ശ്രീധന്യയ്ക്ക് നൽകിയത്. ഐ.സി.എസ്.ഇ.ടി.എസിലെ ഒരു വർഷത്തെ സൗജന്യ കോച്ചിംഗിന് പുറമെ മെയിൻ പരീക്ഷയ്ക്ക് സ്വകാര്യ സ്ഥാപനത്തിൽ പരിശീലനത്തിന് 1,33,500 രൂപയും ഐ.എ.എസ് സെലക്‌ഷന് ശേഷം പരിശീലന കാലത്തെ ചെലവുകൾക്കായി 2 ലക്ഷം രൂപയും സർക്കാർ അനുവദിച്ചു. ഈ സർക്കാർ വന്നശേഷം പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലുള്ള 300 പേർക്ക് സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമി വഴി പരിശീലനത്തിന് 59,000 രൂപ വാർഷിക ഫീസും പ്രതിമാസം 6000 രൂപ വീതം ഹോസ്റ്റൽ ചെലവുകളും നൽകിവരുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന സിവിൽ സർവ്വീസ് പരീക്ഷാ കോച്ചിംഗിന് 'ലക്ഷ്യ സ്‌കോളർഷിപ്പ്' 30 പേർക്ക് നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.