തിരുവനന്തപുരം: നഴ്‌സിംഗ് ജോലിയിൽ തിരികെ കയറാൻ അതിർത്തി താണ്ടിവന്ന കരമന സ്വദേശിനിക്ക് ചെക്ക് പോസ്റ്റിൽ കൈക്കുഞ്ഞുമായി കാത്തിരിക്കേണ്ടിവന്നത് മണിക്കൂറുകൾ. ഇന്നലെ പാറശാല ഇഞ്ചിവിളയിലെ ചെക്ക്പോസ്റ്റിലെ കൗണ്ടറിലാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ സിന്ധു യാത്രാനുമതിക്കായി മൂന്നു മണിക്കൂറിലധികം കാത്തിരുന്നത്. തമിഴ്‍നാട് സ്വദേശിയായ രജികുമാറാണ് സിന്ധുവിന്റെ ഭർത്താവ്. ഭർതൃമാതാവിന് അസുഖമായതിനാൽ ലോക്ക് ഡൗണിന് മുമ്പാണ് സിന്ധു മാർത്താണ്ഡത്തെത്തിയത്. അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ തിരികെ കൊണ്ടുവരാൻ അനുമതി വന്നതോടെ നോർക്കയിൽ കഴിഞ്ഞ ദിവസം സിന്ധുവും രജിസ്റ്റർ ചെയ്‌തു. തമിഴ്‌നാട് സ്വദേശിയായ ഭർത്താവാണ് തനിക്കും കുഞ്ഞിനുമൊപ്പം വരുന്നതെന്ന് സൂചിപ്പിച്ചായിരുന്നു എമർജൻസി പാസിന് അപേക്ഷ നൽകിയത്. ഇന്നലെ രാവിലെ 11ഓടെയാണ് യാത്രാപാസ് ലഭിച്ചത്. തുടർന്ന് 12.30ഓടെ സ്‌കൂട്ടറിൽ ഭർത്താവുമൊത്ത് സിന്ധു ചെക്ക് പോസ്റ്റിലെത്തി. തമിഴ്നാട് ചെക്ക്പോയിന്റിൽ തടസമുണ്ടായില്ല. എന്നാൽ കേരളത്തിന്റെ കൗണ്ടറിലെത്തിയപ്പോൾ ഭർത്താവിനെയും തമിഴ്നാട് രജിസ്ട്രേഷനിലുള്ള സ്‌കൂട്ടറും കടത്തിവിടില്ലെന്ന് അറിയിക്കുകയായിരുന്നു. പാസിനായി അപേക്ഷിച്ചപ്പോൾ ഭർത്താവിന്റെ വിവരം വ്യക്തമാക്കിയിരുന്നെന്നും അനുമതിയിൽ തടസമുണ്ടായില്ലെന്ന് വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ 3.30ഓടെ 1400 രൂപ വാടക നൽകിയാണ് ഒരു സ്വകാര്യ വാഹനത്തിൽ സിന്ധുവും കുഞ്ഞും കരമനയിലേക്ക് യാത്ര തിരിച്ചത്. ഭർത്താവ് മാർത്താണ്ഡത്തേക്കു മടങ്ങിപ്പോയി.
'ഒരു ആരോഗ്യ പ്രവർത്തകയാണ് ഞാൻ, കൊവിഡ് കാലത്ത് ജോലി ചെയ്യണമെന്ന് തോന്നിയതിനാലാണ് എമർജൻസി പാസുമായി എത്തിയത്. 14 ദിവസത്തെ ക്വറന്റൈൻ കഴിഞ്ഞാൽ ഞാൻ ജോലിക്ക് കയറും.
' - സിന്ധു