devaswom-board-
DEVASWOM BOARD

തിരുവനന്തപുരം : ലോക്ക് ഡൗണിനെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ തിരുവിതാംകൂർ ദേവസ്വം ബോർഡിന് താത്കാലികാശ്വാസമായി 10 കോടി രൂപ സർക്കാർ അനുവദിച്ചു. ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ബോർഡ് സർക്കാരിനോട് നൂറുകോടി രൂപ സഹായധനം അഭ്യർത്ഥിച്ചിരുന്നു.

ക്ഷേത്രങ്ങൾ അടച്ചതോടെ ദേവസ്വം ബോർഡിന് നൂറ്റമ്പതു കോടിയോളം രൂപയാണ് വരുമാന നഷ്ടം ഉണ്ടായത്. വരുമാനത്തിൽ ഏറിയ പങ്കും ലഭിച്ചിരുന്നത് ശബരിമലയിൽ നിന്നാണ്. കഴിഞ്ഞ ഒന്നര മാസത്തിനിടെ മൂന്നുതവണ നട തുറന്നെങ്കിലും ദർശനം അനുവദിച്ചിരുന്നില്ല. മാർച്ച് 29 മുതൽ ഏപ്രിൽ 7വരെ നടത്താനിരുന്ന ശബരിമല ഉത്രം - മഹോത്സവം മാറ്റിവച്ചിരുന്നു. മേടം ഒന്നിനുള്ള വിഷു ദർശനവും ഉണ്ടായിരുന്നില്ല.
ശബരിമല കഴിഞ്ഞാൽ ലക്ഷങ്ങളുടെ വരുമാനമുള്ളത് 26 ക്ഷേത്രങ്ങളിൽ മാത്രമാണ്. ശേഷിക്കുന്ന 1182 ക്ഷേത്രങ്ങളിലും കാര്യമായ വരുമാനമില്ല.

പ്രതിമാസം ശമ്പളത്തിനായി മാത്രം 30 കോടി രൂപയാണ് ദേവസ്വം ബോർഡിന് ചെലവുവരുന്നത്. പത്തുകോടി രൂപ കൂടി വേണം പെൻഷൻ നൽകാൻ. വരുമാനം നിലച്ചതോടെ ദിവസവേതനക്കാരൊഴികെയുള്ള മുഴുവൻ ജീവനക്കാരും മാസത്തിൽ ആറുദിവസത്തെ ശമ്പളം വീതം അഞ്ചുമാസം ക്ഷേത്ര പുനരുദ്ധാരണ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് ബോർഡ് അഭ്യർത്ഥിച്ചിട്ടുണ്ട്.


ലോക്ക് ഡൗൺ തുടർന്നാലും രണ്ടു മാസത്തേക്ക് ശമ്പളം മുടങ്ങാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

-അഡ്വ. എൻ.വാസു
ദേവസ്വം ബോർഡ് പ്രസിഡന്റ്