തിരുവനന്തപുരം: കാർഷിക സ്വയം പര്യാപ്തത നേടാനായി ലോക്ക് ഡൗൺ കാലത്ത് നഗരസഭ ആവിഷ്കരിച്ച് നടപ്പിലാക്കിയത് നിരവധി പദ്ധതികൾ. നഗരസഭാ പരിധിയിലുള്ള പതിനൊന്ന് കൃഷിഭവനുകളെ സഹകരിപ്പിച്ച് 200 ഏക്കർ തരിശുഭൂമി കണ്ടെത്തി കൃഷിയിറക്കിയത് ഇതിന്റെ ഭാഗമായിട്ടാണ്. ആദ്യ ഉദ്യമമായി നഗരസഭാ പരിസരത്തെ 5 സെന്റോളം സ്ഥലത്തും 300 ചെടിച്ചട്ടികളിലായി ടെറസിലും ഇക്കോളജിക്കൽ എൻജിനിയറിംഗ് രീതിയിൽ കൃഷി ആരംഭിച്ചു. വെണ്ട, ചീര, വഴുതനങ്ങ, മുളക് തുടങ്ങിയ പച്ചക്കറികളും പാഷൻ ഫ്രൂട്ട്, പപ്പായ, ചാമ്പയ്ക്ക എന്നിവയുമാണ് ആദ്യഘട്ടത്തിൽ കൃഷി ആരംഭിച്ചത്. നഗരസഭ പരിധിയിലെ വീടുകളിലും കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഞാറ്റുവേല കലണ്ടർ, കാർഷിക നിർദ്ദേശങ്ങൾ, കീടനിയന്ത്രണം എന്നിങ്ങനെ കൃഷിക്കാരെ സഹായിക്കുന്ന ബുക്ക്ലെറ്റുകൾ, ബ്രോഷറുകൾ എന്നിവ നൽകിക്കഴിഞ്ഞു. നഗരത്തിൽ ഏഴിടങ്ങളിലായി നഗരസഭയുടെ നേതൃത്വത്തിൽ ജീവനി സഞ്ജീവനി കർഷക സൗഹൃദ നാട്ടുചന്തകൾ പ്രവർത്തിക്കുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം ഒരു കേന്ദ്രത്തിൽ എന്ന നിലയിലാണ് ഇവ പ്രവർത്തിക്കുന്നത്. കർഷകർക്ക് ബാർട്ടർ സമ്പ്രദായത്തിൽ ഉത്പന്നങ്ങൾ നൽകാൻ കഴിയുമെന്നതാണ് ചന്തയുടെ പ്രത്യേകത. പൊതുജനങ്ങൾക്ക് നാടൻ പച്ചക്കറികൾ ചന്തയിൽ നിന്ന് വാങ്ങുകയും ചെയ്യാം. അതോടൊപ്പം തന്നെ നാടൻ പച്ചക്കറികളുടെ വിപണനത്തിനായി ഫാം ഗ്രീൻസ് കേന്ദ്രങ്ങൾ കൈതമുക്ക്, കരമന, നർമ്മദ ഷോപ്പിംഗ് കോംപ്ലക്സ് എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്നുണ്ട് .
ജൈവ വളക്കൂട്ട് പദ്ധതി
ജൈവ വളക്കൂട്ട് എന്ന പേരിൽ 100 വാർഡുകളിലായി വിത്തും വളവുമടങ്ങിയ 20,000 കിറ്റുകൾ നൽകി. കുടപ്പനക്കുന്ന് കൃഷിഭവന്റെ സഹകരണത്തോടെയാണ് നഗരസഭ ജൈവവളക്കൂട്ട് പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭയുടെ എയ്റോബിക് ബിന്നുകൾ, കിച്ചൺ ബിന്നുകൾ എന്നിവയിൽ നിന്ന് ശേഖരിക്കുന്ന കമ്പോസ്റ്റും, വെച്ചൂർ പശുവിന്റെ ചാണകവും സംയോജിപ്പിച്ചാണ് വിതരണത്തിനുള്ള വളക്കൂട്ട് തയ്യാറാക്കുന്നത്. നഗരസഭ അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ പാർപ്പിച്ചിട്ടുള്ള അന്തേവാസികളുടെ സേവനം കൂടി ഇതിന് പ്രയോജനപ്പെടുത്തുന്നുണ്ട്.
പുതിയ പദ്ധതികൾ
വീടുകളിൽ ടെറസ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 1 ലക്ഷം ഗ്രോബാഗുകൾ തൈ ഉൾപ്പെടെ 75 ശതമാനം സബ്സിഡിയോടു കൂടി വിതരണം ചെയ്യുമെന്ന് മേയർ അറിയിച്ചു. 800 രൂപ വിലയുള്ള 10 ഗ്രോബാഗുകൾ അടങ്ങിയ ഒരു യൂണിറ്റ് 200 രൂപയ്ക്ക് സബ്സിഡിയോടു കൂടി നഗരസഭ വിതരണം ചെയ്യും. നഗരപരിധിയിലുള്ള വിവിധ കൃഷിഭവനുകളിലാണ് ഇവ വിതരണത്തിനായി തയ്യാറാക്കുക.
പ്രതികരണം
കൂടുതൽ തരിശു ഭൂമികൾ കണ്ടെത്തി കൃഷിയോഗ്യമാക്കും. ശുദ്ധമായ പച്ചക്കറികൾ ലഭിക്കാനും മനുഷ്യർക്ക് മണ്ണിനോട് കൂടുതൽ അടുക്കാനും ഇത് കൊണ്ട് കഴിയും.നല്ല പ്രതികരണമാണ് പദ്ധതികൾക്ക് ലഭിക്കുന്നത്.
കെ.ശ്രീകുമാർ, മേയർ.
നേമം, ശ്രീകാര്യം, കഴക്കൂട്ടം എന്നിവിടങ്ങളിൽ നെൽകൃഷിയും
വീടുകളിലെ കൃഷി പ്രോത്സാഹിപ്പിക്കും
ഗ്രോബാഗുകൾക്ക് സബ്സിഡി നൽകും
കർഷക സൗഹൃദ നാട്ടുചന്തകൾ - 7 ഇടങ്ങളിൽ