തൃശൂർ: മടങ്ങി വരുന്ന പ്രവാസികളിൽ ഇന്ന് എത്തുന്ന 73 പേരെ വിശദമായ പരിശോധനകൾക്ക് ശേഷം ഗുരുവായൂരിൽ പാർപ്പിക്കും. പ്രവാസികൾക്കായി ഗുരുവായൂരിലെ വിവിധ സ്ഥാപനങ്ങളിലാണ് നിരീക്ഷണ സൗകര്യം ഒരുക്കിയിട്ടുളളത്. ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള മൂന്ന് അതിഥി മന്ദിരങ്ങളിലായിരിക്കും ഇവരെ താമസിപ്പിക്കുക. പ്രത്യേക മെഡിക്കൽ സംഘവും വളണ്ടിയർമാരും ഇവർക്കൊപ്പം ഉണ്ടാകും. വിമാനത്താവളത്തിൽ സ്‌ക്രീനിംഗിനും രജിസ്ട്രഷനുമായി ജില്ലയിലെ വിവിധ വകുപ്പുകളുടെ പരിശോധന കൗണ്ടറുകൾ പ്രവർത്തനം തുടങ്ങി.

ഈ ആഴ്ച സംസ്ഥാനത്തെത്തുന്ന പ്രവാസികളിൽ 33 ശതമാനം പേർ തൃശൂർ ജില്ലയിൽ നിന്നുള്ളവരാണ്. ജില്ലയുടെ 7 താലൂക്കുകളിലും നിരീക്ഷണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തുന്നതിനുളള ശ്രമവും പുരോഗമിക്കുകയാണ്. സ്ത്രീകൾ മാത്രം താമസിക്കാനുള്ള സൗകര്യവും പണം നൽകി താമസിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.ഒരുക്കങ്ങൾ വിലയിരുത്താൻ ഉച്ചയ്ക്ക് ശേഷം ജില്ല കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും.