ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടത്ത് കെമിക്കൽ ഫാക്ടറിയിലുണ്ടായ വിഷവാതകചോർച്ചയെ തുടർന്ന് എട്ടുവയസുകാരി ഉൾപ്പെടെ അ|ഞ്ച് പേർ മരിച്ചു. ആർ.ആർ വെങ്കിടാപുരത്തെ എൽ.ജി പോളിമെർ ഫാക്ടറിയിൽ പുലർച്ചെ രണ്ടരയോടെയാണ് വാതകചോർച്ച ഉണ്ടായത്. സ്റ്റൈറീൻ വാതകമാണ് ചോർന്നത്.
ഫാക്ടറിയുടെ അഞ്ചുകിലോമീറ്റർ പരിധിയിൽ വിഷവാതകം ചോർന്നതായി സൂചനയുണ്ട്. രാവിലെ ആറു മണിയോടെ ചോർച്ച തടയാനായെന്നാണ് റിപ്പോർട്ടുകളുണ്ടെങ്കിലും ഇപ്പോഴും അന്തരീക്ഷത്തിൽ വിഷവാതകത്തിന്റെ രൂക്ഷ ഗന്ധം തങ്ങിനിൽക്കുന്നുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്.
ഫാക്ടറിക്ക് ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. സമീപത്തെ 20 ഗ്രാമങ്ങൾ ഒഴിപ്പിക്കുന്ന നടപടി ഇപ്പോഴും തുടരുകയാണ്. വിഷവാതകം ചേർന്ന സമയത്ത് കമ്പനിക്കുള്ളിൽ എത്ര ജീവനക്കാർ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല. ചോർച്ചയുടെ കാരണവും അറിവായിട്ടില്ല.
ഫാക്ടറിയുടെ സമീപത്ത് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനിയാണ്.പുലർച്ചെ നിരവധി പേർബോധം നഷ്ടപ്പെട്ട് വീടുകളിലും തെരുവുകളിലും കിടന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇരുനൂറിലധികം പേരെഇതിനകം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഇരുപതുപേരുടെ നില ഗുരുതരമാണ്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. വീടുകളിൽ നിന്ന് പുറത്തിറങ്ങിയവർക്ക് ശ്വാസതടസവും ഛർദ്ദിയും കണ്ണെരിച്ചിലും അനുഭവപ്പെട്ടു. തുടർന്നാണ് ബോധരഹിതരായി വീണത്. മൃഗങ്ങളും ബോധരഹിതരായി.ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്.
1961 ൽ ഹിന്ദുസ്ഥാൻ പോളിമർ എന്ന പേരിൽ സ്ഥാപിതമായ ഈ കമ്പനി ദക്ഷിണ കൊറിയയുടെ എൽജി കെം ഏറ്റെടുക്കുകയും 1997 ൽ എൽജി പോളിമർ ഇന്ത്യ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. പോളിസ്‌റ്റൈറൈൻ, എക്‌സ്പാൻഡബിൾ പോളിസ്‌റ്റൈറൈൻ എന്നിവയാണ് ഇവിടെ നിർമിക്കുന്നത്.രാജ്യം സമ്പൂർണ അടച്ചപൂട്ടലിൽ ആയിരുന്നതിനാൽ ഏറെ നാളായി കമ്പനി അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്നലെയാണ് പ്രവർത്തനം വീണ്ടും തുടങ്ങിയത്.പ്രവർത്തനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നലെ കമ്പനിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. വലിയ തോതിൽ ഇവിടെ രാസവസ്‌തുക്കൾ സൂക്ഷിച്ചിരുന്നതായാണ് റിപ്പോർട്ട്.