ന്യൂഡൽഹി: കൊവിഡിനെ നേരിടുന്നതിൽ ഇന്ത്യ ലോകത്തിന് മാതൃകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആരോഗ്യ പ്രവർത്തകർ ധീരന്മാരാണെന്ന് പറഞ്ഞ അദേഹം കൊവിഡ് പോരാളികൾക്ക് നന്ദി അറിയിച്ചു. പ്രതിസന്ധിയെ രാജ്യം ഒത്തൊരുമയോടെ നേരിടും. പോരാട്ടത്തിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ല. വിഷമമേറിയ ഘട്ടത്തിൽ നിന്ന് മോചനം ഉറപ്പാണെന്നും മോദി പറഞ്ഞു. ഏത് പ്രതിസന്ധിയേയും മറികടക്കാനുള്ള കരുത്ത് നമ്മുടെ സംസ്ക്കാരത്തിനുണ്ട്. ജീവിതത്തിലും സമൂഹത്തിലും ഏറെ മാറ്റങ്ങൾ സംഭവിച്ചുവെന്നും ബുദ്ധൻ നൽകിയ സന്ദേശങ്ങൾ അതുപോലെ നിലനിൽക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബുദ്ധ പൂർണിമ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം.
ഈ പ്രതിസന്ധി കാലത്ത് സേവനങ്ങൾക്ക് മുന്നോട്ടിറങ്ങുന്നവരെ അഭിനന്ദിക്കുന്നു. നിരാശയ്ക്കും സങ്കടത്തിനും സാധ്യതയുള്ള ഈ സമയത്ത് ബുദ്ധ വചനം ആശ്വാസമാണ്. ഇന്ത്യ നിസ്വാർത്ഥ സേവനമാണ് ഈ ഘട്ടത്തിൽ ചെയ്യുന്നത്. ഇന്ത്യ നിരവധി രാജ്യങ്ങളെയും സഹായിച്ചു. പല രാജ്യങ്ങളും ഇന്ത്യയുടെ സേവനത്തിനെത്തി. ഇന്ത്യയുടെ വികസനം ലോക പുരോഗതിക്ക് സഹായിക്കും. മറ്റുള്ളവരോട് കരുണയും സഹാനുഭൂതിയും അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.