ജാവ : കിഴക്കൻ ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് ഏഴ് മണിയ്ക്ക് ശേഷമായിരുന്നു ചലനം. ബാൻഡാ കടലിൽ കിസാർ ദ്വീപുകളിൽ റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തിയ ചലനമാണുണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. ആളപായം രേഖപ്പെടുത്തിയിട്ടില്ല. 73 മൈൽ അകലെ സമുദ്രത്തിനടിത്തട്ടിനടിയിലാണ് ഭൂചലനത്തിന്റെ പ്രഭാവകേന്ദ്രം. തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യമായ ടിമോർ ലെസ്റ്റെയിലും ഭൂചലനം രേഖപ്പെടുത്തി. ഭൂചലനം ഇന്ത്യൻ മഹാസമുദ്രത്തിൽ സുനാമിയ്ക്ക് കാരണമാകില്ലെന്നാണ് ഗവേഷകർ അറിയിച്ചിരിക്കുന്നത്.
തുടരത്തുടരെയുള്ള ഭൂചലനങ്ങൾ, അഗ്നി പർവത സ്ഫോടനങ്ങൾ എന്നിവയും ഇതിന്റെ ഫലമായുണ്ടാകുന്ന സുനാമിത്തിരകളും ഇന്തോനേഷ്യൻ ജനത നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. 2004 ഡിസംബറിൽ വടക്കൻ സുമാത്രൻ തീരത്തുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കൂറ്റൻ സുനാമിയിൽ കൊല്ലപ്പെട്ടത് രണ്ട് ലക്ഷത്തിലേറെ മനുഷ്യരാണ്. ഇതിൽ ഇന്തോനേഷ്യയിൽ മാത്രം മരിച്ചത് ഒരു ലക്ഷത്തിലേറെ പേരാണ്. റിക്ടർ സ്കെയിലിൽ 9.5 രേഖപ്പെടുത്തിയ ചലനത്തിന്റെ ഫലമായി അന്നുണ്ടായ സുനാമിത്തിരകൾ 100 അടിയോളം ഉയരത്തിലാണ് കരയിലേക്ക് ആഞ്ഞടിച്ചത്. 2018ൽ ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലെ പാലുവിലുണ്ടായ ഭൂചലത്തിലും സുനാമിയിലും ആയിരക്കണക്കിന് പേർ മരിച്ചിരുന്നു.