ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു. 52952 പേർക്കാണ് വിവിധ സംസ്ഥാനങ്ങളിലായി രോഗം ബാധിച്ചത്. ഇതിൽ 1,783 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും ഒടുവിലത്തെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് കൊവിഡ് വ്യാപന തോത് ഉയരുകയാണ്.
രാജ്യത്ത് ഇതുവരെ 15,266 പേർക്ക് രോഗം ഭേദമായി. നിലവിൽ 35902 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. ഗുജറാത്ത്, ഡൽഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലുള്ളത്.
അതേസമയം, ബുദ്ധപൂർണിമദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു. രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ സമയത്ത് മാനവസേവനത്തിനായി മുന്നിട്ടിറങ്ങിയവരെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിന് മുന്നിൽ കൊവിഡിനെ നേരിടുന്നതിൽ ഇന്ത്യ മാതൃകയാണെന്നും അദേഹം കൂട്ടിചേർത്തു.