അബുദാബി: സാമൂഹിക അകലം പാലിക്കണമെന്ന് പറയുന്നത് ചുമ്മാതല്ല, പാലിച്ചില്ലെങ്കിൽ കൂട്ടത്തോടെ കൊവിഡ് ബാധിക്കും. അങ്ങനെ കൊവിഡ് ബാധിച്ച കഥ പറയുന്നത് യു.എ.ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ്. ഇവിടെ രണ്ട് കുടുംബങ്ങളിലെ അംഗങ്ങൾ ഒത്തുകൂടിയങ്ങ് ആഘോഷിച്ചു. കൊവിഡും സാമൂഹിക അകലവുമെല്ലാം മറന്നുകൊണ്ടുള്ള ഒത്തുചേരൽ. പിന്നെ നടന്നതാണ് ക്ളൈമാക്സ്. ഒത്തുചേർന്ന മുപ്പത് പേർക്കും കൊവിഡ് ബാധിച്ചു. അതിൽ ഒരു കുട്ടിയുമുണ്ട്. ഒന്നുമറിയാത്ത കുട്ടിക്ക് വരെ രോഗം സമ്മാനിച്ചു.
യു.എ.ഇയിൽ ബുധനാഴ്ച 546 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. രോഗം ബാധിച്ചവരുടെ എണ്ണം 15,738 ആയി, 157 പേർ മരിച്ചു. 206 പേർ രോഗമുക്തി നേടി. 12,222 പേർ ചികിത്സയിലാണ്. 12 വയസിന് താഴെയുള്ള കുട്ടികളെയും 60 വയസിനു മുകളിലുള്ളവരെയും ഷോപ്പിംഗ് മാളുകൾ, സൂപ്പർമാർക്കറ്റുകൾ, സഹകരണ സ്റ്റോറുകൾ, മറ്റ് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ സന്ദർശിക്കുന്നത് വിലക്കിയിട്ടുണ്ട്.
നിയന്ത്രണങ്ങളിൽ ഭാഗികമായി ഇളവ് വരുത്തിയതോടെ ആളുകൾ പൊതുസ്ഥലങ്ങളിൽ ഒത്തുകൂടുന്ന അവസ്ഥയാണ്. നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.