മായം കലരാത്ത ഭക്ഷണം കഴിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ഇക്കാലത്ത് മായം കലരാത്ത ഭക്ഷണസാധനങ്ങൾ കിട്ടണമെങ്കിൽ അൽപം കഷ്ടപ്പെടേണ്ടി വരും. മായം കലർന്ന ഭക്ഷണസാധനങ്ങളുടെ ഉപയോഗം പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം ഭക്ഷണ മായങ്ങളെ ആദ്യം തിരിച്ചറിയണം. ഭക്ഷണത്തിൽ മായം ചേർന്നിട്ടുണ്ടെങ്കിൽ അത് കണ്ടെത്താനുള്ള ചില പൊടിക്കെെകൾ നോക്കാം.
മീനിലെ പഴക്കം തിരിച്ചറിയണമെങ്കിൽ ചെകിളപ്പൂവുകൾ ശ്രദ്ധിച്ചാൽ മതി. ചെകിളപ്പൂക്കൾക്ക് ചുവന്ന നിറമില്ലെങ്കിൽ മീൻ പഴയതാണെന്ന് മനസ്സിലാക്കാൻ സഹായിക്കുന്നു. മാത്രമല്ല ഫോർമോലിന്റെ മണമോ അമോണിയയുടെ മണമോ ഉണ്ടെങ്കിൽ ഒരിക്കലും ആ മീൻ വാങ്ങിക്കരുത്. മീനിന്റെ കണ്ണ് കുഴിഞ്ഞ് നിൽക്കുന്നതാണെങ്കിലും മീൻ ചീത്തയാണ് എന്ന് മനസ്സിലാക്കാവുന്നതാണ്.
നമ്മൾ ഉപയോഗിക്കുന്ന പരിപ്പിൽ മായം കലർന്നിട്ടുണ്ടെങ്കിലും അത് മനസ്സിലാക്കാവുന്നതാണ്. അതിനായി അൽപം പരിപ്പ് ചൂടുവെള്ളത്തിൽ ഇടുക. ശേഷം അല്‍പം ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുക. ഇത് ഒഴിക്കുമ്പോൾ പരിപ്പിന്റെ നിറത്തിൽ മാറ്റം സംഭവിക്കുന്നുണ്ടെങ്കിൽ പരിപ്പിൽ മായമുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്. അത് ഉപയോഗിക്കുന്നത് ഒഴിവാക്കണം.
മുളകിലോ മല്ലിയിലോ മറ്റ് മസാലപ്പൊടികളിലോ മായം ഉണ്ടെങ്കിൽ അത് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കാം. അതിനായി ഒരു ഗ്ലാസ്സ് വെള്ളത്തിൽ അൽപം പൊടി ഇട്ട് അതിലേക്ക് അൽപം അയോഡിൻ ഒഴിക്കുക. മസാലപ്പൊടിക്ക് നീല കലർന്ന നിറം ഉണ്ടാവുകയാണെങ്കിൽ അത് മായം ചേർത്ത പൊടിയാണെന്ന് മനസ്സിലാക്കാവുന്നതാണ്.
പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ് മായം ചേർത്ത നെയ്യും വെണ്ണയും. നെയ്യ് നല്ലതു പോലെ ഉരുക്കിയ ശേഷം അത് ഒരു പാത്രത്തിൽ എടുത്ത് ഫ്രിഡ്ജിൽ വെക്കാവുന്നതാണ്. അൽപസമയത്തിനു ശേഷം ഇത് എടുത്ത് നോക്കുമ്പോൾ അതിൽ പാളികളായി നെയ് കിടക്കുന്നുണ്ടെങ്കിൽ അത് വളരെ വലിയ ആരോഗ്യ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത് എന്നതാണ് സത്യം. നെയ്യിൽ മറ്റ് എണ്ണകൾ ചേർന്നിട്ടുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
പലപ്പോഴും ചായപ്പൊടിയിലെ മായം കണ്ടെത്താൻ വളരെയധികം പരിശ്രമിക്കേണ്ടതായി വരുന്നു. എന്നാല്‍ ഇനി മായം കണ്ടെത്താൻ അധികം കഷ്ടപ്പെടേണ്ടതായി വരില്ല. കാരണം അൽപം തേയില എടുത്ത് വെള്ളത്തിലിട്ട് കഴിഞ്ഞാൽ അതിന്റെ നിറം ഇളകുന്നത് കാണാം. ചായപ്പൊടിയിലെ മായം കണ്ടെത്തിയാൽ അത് ആരോഗ്യത്തിന് വളരെയധികം സംരക്ഷണം നല്‍കുന്നു. കാരണം എപ്പോഴും ചായ കുടിക്കുന്നവരാണ് നമ്മളെല്ലാവരും.
നേന്ത്രപ്പഴത്തിലെ മായം കണ്ടെത്താൻ പഴം അൽപ്പം സൂക്ഷിച്ചു നോക്കിയാൽ മതി. പഴത്തിന്റെ ഞെട്ട് മാത്രം പച്ച നിറത്തിൽ കാണപ്പെടുന്നുണ്ടെങ്കിൽ അതിനർത്ഥം നേന്ത്രപ്പഴത്തിൽ മായമുണ്ട് എന്നാണ്. പഴുക്കാനായി പഴത്തിൽ കാൽസ്യം കാർബൈഡ് ചേർക്കുന്നത് കൊണ്ടാണ് ഇത്. മാങ്ങയിലും ഇതേ രീതി തന്നെ പലരും പരീക്ഷിക്കാറുണ്ട്.
തേനിലെ മായം കണ്ടെത്തുന്നതിനും വളരെ എളുപ്പമാണ്. പലരും തേനിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനായി പഞ്ചസാര ലായനി ചേർക്കുന്നവരുണ്ട്. അത് മനസ്സിലാക്കാൻ തേനിൽ അൽപം വെള്ളമൊഴിച്ചാൽ തേനിൽ ചേർന്ന് വെള്ളം നില്‍ക്കുന്നുണ്ടെങ്കിൽ അത് മായമുള്ള തേനാണ് എന്ന് മനസ്സിലാക്കാവുന്നതാണ്. കൂടാതെ ഒരു പഞ്ഞി എടുത്ത് തേനിൽ മുക്കി അത് കത്തിക്കുക. നല്ലതു പോലെ കത്തുന്നുണ്ടെങ്കിൽ തേൻ ശുദ്ധമാണ് എന്ന് മനസ്സിലാക്കാവുന്നതാണ്. അല്ലെങ്കിൽ തേനിൽ മായമുണ്ടെന്ന് മനസ്സിലാക്കണം.