
തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നതിനുള്ള ഡിജിറ്റൽ പാസ് വിതരണം താൽക്കാലികമായി നിറുത്തി. നിലവിൽ പാസ് ലഭിച്ച എല്ലാവരെയും ക്വാറന്റൈൻ ചെയ്യുകയും അവരുടെ വിവരങ്ങൾ ശേഖരിച്ചതിനുശേഷം മാത്രമേ ഇനിപാസുകൾ വിതരണം ചെയ്യൂ എന്നാണ് അധികൃതർ പറയുന്നത്.
നിലവിൽ പാസ് ലഭിച്ചവരിൽ റെഡ് സോണിൽനിന്ന് വരുന്നവരെ ക്വാറന്റൈൻ ചെയ്യും. ഈ നടപടി പൂർത്തിയായശേഷമേ ഇനി പാസുകൾ അനുവദിക്കൂ. മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോണിൽ നിന്ന് വരുന്നവരെ ക്വാറന്റൈൻ ചെയ്യുന്ന കാര്യത്തിൽ ആശയക്കുഴപ്പവും ബുദ്ധിമുട്ടുകളും തുടരുകയാണ്. മടങ്ങിയെത്തിയ ആറായിരം പേർ എവിടെ നിന്നെല്ലാം വന്നവരാണ് എവിടേക്കാണ് പോയത് തുടങ്ങിയ വിശദമായ വിവരങ്ങൾ ശേഖരിച്ച ശേഷം പുതിയ പാസ് വിതരണം ചെയ്താൽ മതിയെന്നാണ് തീരുമാനം.
റെഡ് സോണുകളിൽ നിന്ന് വരുന്നവർ നിർബന്ധമായി സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറണമെന്ന് ഇന്നലെ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ തിരിച്ചെത്തുന്ന പലരും ഇതൊഴിവാക്കാൻ വരുന്ന സ്ഥലം മാറ്റി പറയുന്ന സാഹചര്യം നിലവിലുണ്ട്. മറ്റുസംസ്ഥാനങ്ങളിലെ റെഡ്സോണിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർ അവരവരുടെ ജില്ലകളിൽ 14 ദിവസം സർക്കാർ ഒരുക്കുന്ന ക്വാറന്റൈനിൽ കഴിയണമെന്നാണ് ഉത്തരവ്.
നേരത്തെ ഏഴു ദിവസത്തെ ക്വാറന്റൈനാണ് നിർദേശിച്ചിരുന്നത്. കേരള സർക്കാരിന്റെ പാസില്ലാതെ അതിർത്തികളിലെ ആറ് എൻട്രി പോയിന്റുകളിൽ എത്തുന്നവർ ഏതു മേഖലയിൽനിന്ന് വരുന്നവരായാലും സർക്കാർ ഒരുക്കുന്ന ക്വാറന്റൈനിൽ പോകേണ്ടിവരും. റെഡ്സോണിൽനിന്ന് വരുന്നവർ ക്വാറന്റൈനിൽ കഴിയാൻ പണം നൽകേണ്ടിവരും. റെഡ്സോണിൽനിന്ന് വരുന്നവർ ഏതി ജില്ലയിലുള്ളവരാണോ അവിടെയാണ് ക്വാറന്റൈനിൽ കഴിയേണ്ടത്.
ഈ സ്ഥലത്തിന്റെ വിവരങ്ങൾ അതിർത്തിയിലെത്തുമ്പോൾ നൽകണം. സ്വന്തം വാഹനത്തിൽ അവർക്ക് ക്വാറന്റൈ കേന്ദ്രത്തിലെത്താം. യാത്രാവിവരം തദ്ദേശ സ്ഥാപനങ്ങളെയും പൊലീസിനെയും അറിയിക്കണം. ഇവരുടെ വിവരങ്ങൾ ജാഗ്രതാ സൈറ്റിൽ ഉൾപ്പെടുത്തണം. ക്വാറന്റൈനിൽ പോകാത്തവർ നിയമ നടപടി നേരിടേണ്ടിവരും.
ഡൽഹിയടക്കമുള്ള സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആദ്യഘട്ടത്തിൽ ഡൽഹി, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ എത്തിക്കാനാണ് ശ്രമിക്കുന്നത്. പ്രത്യേക നോൺസ്റ്റോപ്പ് ട്രെയിനിൽ വിദ്യാർത്ഥികളെ എത്തിക്കാൻ ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ചതായും മുഖ്യമന്ത്രി പറഞ്ഞു.