ക്വിറ്റോ: ഇക്വഡോറിൽ കൊവിഡ് 19 വ്യാപകമായി പടർന്നുപിടിക്കുന്നതിനിടെ ആമസോൺ വനാന്തരങ്ങളിലേക്ക് പലായനം ചെയ്ത് ഒരു ഗോത്ര വിഭാഗം. ഇക്വഡോർ - പെറു അതിർത്തി പ്രദേശങ്ങളിൽ ജീവിക്കുന്ന ഏകദേശം 744 അംഗങ്ങളുള്ള സീകൊപായി ഗോത്രവർഗക്കാരാണ് കൊവിഡ് വൈറസ് തങ്ങളുടെ വർഗത്തെ പൂർണമായും തുടച്ചു മാറ്റിയേക്കാമെന്ന ഭയത്തിൽ വനത്തിൽ അഭയം പ്രാപിച്ചിരിക്കുന്നത്.
ഇതേവരെ സീകൊപായി ഗോത്രത്തിലെ 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന മുതിർന്ന രണ്ടംഗങ്ങൾ കഴിഞ്ഞ രണ്ടാഴ്ചകൾക്കിടയിൽ മരിച്ചു. 29,420 പേർക്കാണ് ഇക്വഡോറിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 1,618 പേർ മരിച്ചു. കൊവിഡ് പരിശോധന നടത്താതെ തന്നെ വീടുകളിൽ മരിച്ചു വീഴുന്നവരുടെ എണ്ണം കൂടി പരിഗണിക്കേണ്ടി വന്നാൽ മരണ സംഖ്യ ഇരട്ടിക്കും.
കൊവിഡ് രോഗലക്ഷണങ്ങളോടുകൂടിയ നിരവധി പേർ ടറപോവ നഗരത്തിലുള്ള ഒരു സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ സഹായം തേടിയിരുന്നു. ഇവർക്ക് ഒരു തരം മോശം പനിയാണെന്നാണ് ഡോക്ടർ പറഞ്ഞത്. കഴിഞ്ഞ മാസം കൂട്ടത്തിലെ മുതിർന്ന അംഗം മരിച്ചപ്പോൾ തന്നെ തങ്ങളെ ഐസൊലേറ്റ് ചെയ്യണമെന്നും പരിശോധന നടത്തണമെന്നും ഗോത്രവർഗക്കാർ ഇക്വഡോർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മുമ്പ് ഉണ്ടായിട്ടുള്ള മഹാമാരികൾ ഗോത്രവർക്കാർക്കിടയിൽ പടർന്നു പിടിച്ചതിന്റെ ഫലമായാണ് ഇവരുടെ എണ്ണം ഇന്ന് കാണുന്ന നിലയിലേക്ക് ചുരുങ്ങിയത്.
അധികൃതർ വേണ്ട രീതിയിൽ പരിഗണിക്കാതായതോടെ ചെറു തോണികളിൽ നദിയ്ക്കക്കരയുള്ള ആമസോണിയൻ കാടുകളിലേക്ക് പലായനം ചെയ്യുകയാണിവർ. ഇക്വഡോറിലെ സകംബിയോസ് പ്രവിശ്യയിൽ ജീവിക്കുന്ന സീകൊപായി വർഗക്കാരിൽ ഇപ്പോൾ വനത്തിലേക്ക് മടങ്ങാതെ രോഗലക്ഷണങ്ങളുമായി ജീവിക്കുന്നവർ ഹോമിയോ മരുന്നുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
ഇക്വഡോറിലെ മറ്റ് ഗോത്രവിഭാഗങ്ങളിലും കൊവിഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. അതേസമയം, മതിയായ പരിശോധനകളോ ചികിത്സയോ നൽകാതെ ഗോത്രവിഭാഗങ്ങളെ സർക്കാർ അവഗണിക്കുകയാണെന്ന് ഇക്വഡോറിലെ മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു. ഇക്വഡോറിന്റെ അയൽ രാജ്യമായ പെറുവിൽ സർക്കാർ തങ്ങളെ അവഗണിക്കുന്നുവെന്നാരോപിച്ച് ഗോത്രവർഗക്കാർ ഐക്യരാഷ്ട്ര സംഘടനയെ സമീപിച്ചിരുന്നു.