police-

കൊച്ചി:നാട്ടിൽപോകാൻ സൗകര്യമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കൂത്താട്ടുകുളത്ത് പ്രതിഷേധിച്ച അന്യസംസ്ഥാന തൊഴിലാളികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. ഇന്നുരാവിലെയായിരുന്നു സംഭവം. അഞ്ഞൂറോളം തൊഴിലാളികളാണ് മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങിയത്.കൂത്താട്ടുകുളത്തിന് സമീപത്തുള്ള അന്യസംസ്ഥാനക്കാർക്ക് നാട്ടിലേക്ക് പോകാനുള്ള സൗകര്യം ലഭിച്ചുവെങ്കിലും കൂത്താട്ടുകുളത്തുള്ളവർക്കുമാത്രം ഈ സൗകര്യം ലഭിച്ചില്ലെന്നും അവർ പറഞ്ഞിരുന്നു.

പ്രതിഷേധിച്ചവരെ കാര്യം പറഞ്ഞുമനസിലാക്കി തിരിച്ചയക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന അവസ്ഥ വന്നതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. ഇതിനിടെ കൂത്താട്ടുകുളത്തിന് സമീപത്തുള്ള അന്യസംസ്ഥാന തൊഴിലാളികളും പ്രതിഷേധത്തിൽ പങ്കുചേരാൻ എത്തിയിരുന്നു. ഇവരെയും പൊലീസ് വിരട്ടിവിട്ടു. പ്രതിഷേധക്കാരിൽ ആരെയെങ്കിലും കസ്റ്റഡിയിലെടുത്തോ എന്ന് വ്യക്തമല്ല. പ്രതിഷേധത്തിന് ആരെങ്കിലും ആഹ്വാനം ചെയ്തിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.