കൊച്ചി∙ കള്ളുഷാപ്പുകൾ 13 മുതൽ തുറക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം കേന്ദ്ര സർക്കാർ പുറത്തിറക്കിയ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന ആക്ഷേപം ഉയരുന്നു. ലോക്ഡൗൺ മാർഗരേഖയിൽ എല്ലാ സോണുകളിലും ബാധകമായ നിരോധനങ്ങളിൽ ഒരു നിർദ്ദേശം സിനിമ തിയേറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, ജിംനേഷ്യം, കായിക സമുച്ചയങ്ങൾ, നീന്തൽക്കുളങ്ങൾ, വിനോദ പാർക്കുകൾ, ബാറുകൾ, ഒാഡിറ്റോറിയം, അസംബ്ലി ഹാളുകൾ എന്നിവ ഉൾപ്പെടുന്നുണ്ട്.
നിരോധനമുള്ളവയിലെ ബാറുകൾ എന്ന നിർവചനത്തിൽ കള്ളുഷാപ്പ് ഉൾപ്പെടുമെന്നാണ് സംസ്ഥാന സർക്കാർ നീക്കത്തെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്.മാനദണ്ഡം ലംഘിക്കുന്നത് ഗൗരവമുള്ള വിഷയമാണെന്നും അിനാൽ പ്രശ്നം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനും അവർ ശ്രമിച്ചേക്കും.
ഷാപ്പുകൾ തുറക്കുമെന്ന പ്രഖ്യാപനം ഉണ്ടായ ഉടൻ ഇത് ലോക്ക്ഡൗൺ ലംഘനമാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ചില ഷാപ്പുകൾ പലതും റസ്റ്റോറന്റുകൾക്ക് സമാനമായി പ്രവർത്തിക്കുന്നതും ആക്ഷേപത്തിന്റെ ആക്കം കൂട്ടി. മറ്റു റസ്റ്റോറന്റുകൾക്ക് പ്രവർത്തനാനുമതിയില്ലാത്ത സമയത്ത് ഷാപ്പുകളിൽ ഭക്ഷണം വിളമ്പുന്നത് എങ്ങനെയെന്ന ചോദ്യവുമുയർത്തി.
ലോക്ഡൗണായതിനാൽ ഹോട്ടലുകളും മറ്റും ഇല്ലാത്തത് ഇവിടെ തിരക്ക് ഉയർത്തിയേക്കും എന്നും ചിലർ ചൂണ്ടിക്കാട്ടി. അതോടെ വിശദീകരണവുമായി എക്െെസസ് മന്ത്രി രംഗത്തെത്തി.ഷാപ്പുകളിൽ കള്ള് പാഴ്സലായി വിൽക്കുന്നതേയുള്ളു എന്നാണ് മന്ത്രി പറയുന്നത്. ഈ ഘട്ടം ലോക്ഡൗണിൽ മദ്യഷാപ്പുകൾ തുറക്കാനുള്ള കേന്ദ്ര അനുമതി കേരളത്തിൽ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ കള്ളു ഷാപ്പുകളോട് അയഞ്ഞ നിലപാടെടുക്കുന്നത് ഷാപ്പുകൾ തുറന്നു എന്ന ന്യായം പറഞ്ഞ് ബാറുകളും തുറക്കാനുള്ള സാധ്യതയാണ് ചിലർ വിരൽചൂണ്ടുന്നത്.