fruits-

കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത പാടുകൾ അലട്ടാത്തവർ വളരെ ചുരുക്കമായിരിക്കും.

കണ്ണുകൾ നമ്മുടെ ശരീരത്തിലെ ഏറ്റവും ലോലമായ അവയവങ്ങളിലൊന്നാണ്. മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യും. ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുമ്പോൾ കണ്ണുകൾക്ക് ചുറ്റുമുള്ള രക്തക്കുഴലുകളിൽ പലപ്പോഴും ജലത്തിന്റെ അഭാവം ഉണ്ടാകുകയും ഇരുണ്ട നിറത്തിന് കാരണമാകുകയും ചെയ്യുന്നു. ഇരുണ്ട വൃത്തങ്ങളെ സ്വാഭാവികമായി നീക്കംചെയ്യാൻ ചില ഭക്ഷണങ്ങളുണ്ട്. അവ എങ്ങനെ സഹായിക്കുമെന്ന് നോക്കാം.

വെള്ളരിക്ക

മിക്ക സൗന്ദര്യവർദ്ധക ഉൽപന്നങ്ങളിലും ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഘടകമാണിത്. കണ്ണിന് ജലാംശം നൽകാനും കൊളാജൻ, സിലിക്ക എന്നിവ വർദ്ധിപ്പിക്കാനും കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തെ ദൃഢപ്പെടുത്താനും വെള്ളരിക്കയ്ക്ക് കഴിവുണ്ട്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ചർമ്മത്തെ ജലാംശത്തോടെ നിലനിർത്താനും സഹായിക്കുന്നു. വൃത്താകൃതിയിൽ രണ്ട് കഷ്ണം വെള്ളരിക്ക മുറിച്ച് നിങ്ങളുടെ കണ്ണുകളിൽ വെയ്ക്കുക, 15 മിനിറ്റ് വിശ്രമിക്കുക. ഇത് ഇരുണ്ട പാടുകളെ കുറയ്ക്കാൻ സഹായിക്കുന്നു.

തണ്ണിമത്തൻ

ജലാംശത്താൽ സമ്പുഷ്ടമാണ് തണ്ണിമത്തൻ. ബീറ്റാകരോട്ടിൻ, ലൈകോപീൻ, ഫിഫിബ്രെ, വിറ്റാമിൻ ബി 1, ബി 6, സി, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെ സാന്നിധ്യം മൂലം ചർമ്മത്തെ ജലാംശത്തോടെ നില നിർത്താനും ഇത് സഹായിക്കുന്നു. മാത്രമല്ല, നിങ്ങളുടെ കണ്ണുകൾക്ക് തിളക്കം തിരികെ കൊണ്ടുവരാൻ തണ്ണിമത്തനിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും ഉണ്ട്.

ബ്ലൂബെറി

ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിനും വളരെ നല്ലതാണ് ബ്ലൂബെറി. ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, ആന്തോസയാനിൻസ് എന്നിവയുടെ സാന്നിധ്യം അതിലോലമായ രക്തക്കുഴലുകളെ സംരക്ഷിക്കാൻ സഹായിക്കുകയും കണ്ണിന് ചുറ്റുമുള്ള രക്തചംക്രമണം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യും.

തക്കാളി

കണ്ണുകൾക്ക് ചുറ്റുമുള്ള അതിലോലമായ രക്തക്കുഴലുകളെ സംരക്ഷിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ലൈക്കോപീൻ പോലുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ തക്കാളി സൗന്ദര്യസംരക്ഷണത്തിന് മികച്ചതാണ്. മാത്രമല്ല, കണ്ണുകൾക്ക് ചുറ്റുമുള്ള പിഗ്മെന്റേഷൻ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. തക്കാളിയുടെ ജ്യൂസ് വേർതിരിച്ചെടുത്ത് കണ്ണിന് ചുറ്റും പുരട്ടുക. . ബീറ്റാകരോട്ടിൻ, ക്വെർസെറ്റിൻ, വിറ്റാമിൻ സി എന്നിവയുടെ സാന്നിധ്യം തക്കാളിയെ മികച്ച സൗന്ദര്യ സംരക്ഷണ ഫലമാക്കുന്നു.

സെലറി

ഇലക്ട്രോലൈറ്റ് ധാതുക്കളായ സോഡിയം, പൊട്ടാസ്യം എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് സെലറി. ഇത് പഫ്‌നെസ് കുറയ്ക്കാൻ സഹായിക്കുന്ന ശക്തമായ ദ്രാവക റെഗുലേറ്ററുകളാണ്. സെലറിയിലെ സോഡിയം, ഉപ്പിനേക്കാൾ വ്യത്യസ്തമാണ്. കാരണം, ഇത് മറ്റ് പോഷകങ്ങളുടെ വർദ്ധനവിനെ പ്രോത്സാഹിപ്പിക്കുന്നു. സോഡിയം, പൊട്ടാസ്യം, മഗ്‌നീഷ്യം, ക്വെർസെറ്റിൻ, ഫൈബർ എന്നിവ കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

ബീറ്റ്‌റൂട്ട്

കണ്ണിന്റെ ആരോഗ്യത്തിന് ഉപയോഗപ്രദമാകുന്ന ഡിടോക്‌സിഫൈയിംഗ് ബെറ്റാലൈൻ ആന്റിഓക്‌സിഡന്റുകൾ ബീറ്റ്‌റൂട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിലെ ബെറ്റാലൈൻ, ഫോളേറ്റ്, വിറ്റാമിൻ സി, മഗ്‌നീഷ്യം എന്നിവയും ചർമ്മത്തെ മികച്ചതാക്കുന്നു.