-airport

തിരുവനന്തപുരം: പ്രവാസികളെ സ്വീകരിക്കാൻ സംസ്ഥാനത്തെ വിമാനത്താവളങ്ങൾ ഒരുങ്ങി. നെടുമ്പാശേരി വിമാനത്താവളം പൂര്‍ണ്ണ സജ്ജമെന്ന് എറണാകുളം കളക്ടര്‍ എസ്.സുഹാസ് വ്യക്തമാക്കി. പരിശോധന സംവിധാനങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയെന്നും വിമാനത്താവളത്തിലെ ജീവനക്കാരുടേയും ആരോഗ്യപ്രവർത്തകരുടേയും സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ടെന്നും കളക്ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട് വിമാനത്താവളത്തിലും ഒരുക്കങ്ങൾ പൂർത്തിയായി. രണ്ട് വിമാനങ്ങളാണ് ഇന്ന് കേരളത്തിലേത്തുക. ഇരുവിമാനങ്ങളിലുമായി 359 പേരാവും ഇന്ന് നാട്ടിലെത്തുക. പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച് രാത്രി 9.40 ന് അബുദാബിയിൽ നിന്നുള്ള വിമാനം 179 യാത്രക്കാരുമായി കൊച്ചിയിലേക്കും ദുബായിയിൽ നിന്നുള്ള വിമാനം 180 ലേറെ യാത്രക്കാരുമായി കോഴിക്കോടേക്കും എത്തും. മലപ്പുറം ജില്ലയിലേക്കാണ് കൂടുതൽ പേരെത്തുന്നത്.

തിരുവനന്തപുരം ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി. അത്യാധുനിക തെർമൽ ഇമേജിംഗ് കാമറയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഏറ്റവും വലിയ സവിശേഷത.