ന്യൂഡൽഹി: സൗദി അറേബ്യയിലെ തൊഴിലാളികളെ സ്വന്തം ചെലവിൽ നാട്ടിലെത്തിക്കാൻ സ്വകാര്യ കമ്പനികളെ ഇന്ത്യ അനുവദിച്ചേക്കും. സൗദിഅറേബ്യയിലെ ഇന്ത്യൻ സ്ഥാനപതിയാണ് ഇക്കാര്യം അറിയിച്ചത്.സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയിൽ 60,000 പേരാണ് നാട്ടിലേക്ക് വരാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സൗദി അറേബ്യയിലെ പല കമ്പനികളും കടുത്ത സാമ്പത്തിക പ്രശ്നത്തിലാണ്. ഇതുകാരണം ചില സ്ഥാപനങ്ങൾ പൂട്ടാൻ ഒരുങ്ങുകയാണ്. കമ്പനികൾ അടച്ചു പൂട്ടുന്ന സാഹചര്യത്തിൽ നിയമപ്രകാരം തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സൗദി കമ്പനികൾ തയ്യാറാണ്. ഇന്ത്യയിലേക്ക് തൊഴിലാളികളെ എത്തിക്കാനായി വിവിധ കമ്പനികൾ ഇന്ത്യയോട് അനുവാദം ചോദിച്ചിരുന്നു.
അതേ സമയം വന്ദേഭാരത് മിഷന്റെ ഭാഗമായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന എയർ ഇന്ത്യയുടെ വിമാനങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ കൊണ്ടു പോകാൻ തീരുമാനിച്ചു. ആദ്യ ഘട്ടത്തിൽ അമേരിക്ക, സിംഗപ്പൂർ, ലണ്ടൻ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്ന് ആളുകളെ കൊണ്ടു പോകുന്നത്.