kenya

നെയ്റോബി : പടിഞ്ഞാറൻ കെനിയയിൽ കഴിഞ്ഞ മൂന്നാഴ്ചയായി പെയ്യുന്ന ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപ്പൊട്ടലിലും മരിച്ചവരുടെ എണ്ണം 194 ആയി. നിരവധി വീടുകൾ തകർന്നതായും ഒരു ലക്ഷത്തിലേറെ പേരെ മാറ്റിപ്പാർപ്പിച്ചതായും കെനിയൻ സർക്കാർ അറിയിച്ചു. ഏപ്രിൽ പകുതിയോടെ ആരംഭിച്ച കനത്ത മഴ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് കെനിയൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സാധാരണ മേയ് അവസാനം വരെ കെനിയയിൽ മഴ സീസണാണ്.

പടിഞ്ഞാറൻ കെനിയയിലെ ബുഡാലംഗിയിൽ സോയിയ നദി കരകവിഞ്ഞതോടെ വീടുകൾ വെള്ളത്തിനിടിയിലായതിനെ തുടർന്ന് ജനങ്ങളെ ബോട്ടുകളിലും മറ്റുമായി പ്രദേശത്ത് നിന്നും രക്ഷപ്പെടുത്തി. രാജ്യത്ത് കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ പ്രളയം കൂടി വന്നിരിക്കുന്നത് സർക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. നിലവിൽ 582 പേർക്ക് കെനിയയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 26 പേർക്ക് ജീവൻ നഷ്ടമായി.

പ്രളയത്തെ തുടർന്ന് മാറ്റിപ്പാർപ്പിച്ചിരിക്കുന്നവർ ഇപ്പോൾ സർക്കാർ സംരക്ഷണയിലാണ്. ഇവർക്ക് മാസ്കുകൾ വിതരണം ചെയ്യാൻ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം പ്രളയ ബാധിത പ്രദേശങ്ങളിൽ 30 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

കെനിയയിലെ പ്രധാന ഡാമുകളായ മാസിംഗ, ടർക്വൽ എന്നിവയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഡാമുകൾക്ക് സമീപം താമസിക്കുന്നവരെയും മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്. 8,000 ഏക്കറിലേറെ നെൽകൃഷി ഇതേവരെ നശിച്ചതായാണ് കണക്കുകൾ. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇറക്കുമതി നിലച്ചതിന് പിന്നാലെ കൃഷി നാശമുണ്ടായിരിക്കുന്നത് ഭക്ഷ്യക്ഷാമത്തിനിടയാക്കുമോ എന്ന ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.