തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് കൊവിഡ് ജാഗ്രത സൈറ്റ് വഴി നൽകിവന്ന ഡിജിറ്റൽ പാസ് വിതരണം ഇന്നലെ താത്കാലികമായി നിറുത്തിവച്ചു. ഇതോടെ പാസിന് അപേക്ഷിക്കാനും കഴിയാത്ത സ്ഥിതിയാണ്. പാസ് ലഭിച്ചവർക്ക് യാത്രയ്ക്ക്‌ തടസമില്ല. വെബ്സൈറ്റിലുണ്ടായ സാങ്കേതിക തകരാറാണ്‌ കാരണമെന്നാണ് ഒൗദ്യോഗിക വിശദീകരണം. ഇന്നലെ രാവിലെയോടെയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പാസിനായി അപേക്ഷിക്കുന്നതും അനുവദിക്കുന്നതും നിറുത്തിവച്ചു. പ്രശ്നം ഇന്ന് പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതുവരെ 43,000 പേർക്കാണ് പാസ് അനുവദിച്ചത്. 17 വരെയുള്ള പാസുകൾ അനുവദിച്ചിട്ടുണ്ട്.