എറണാകുളം: പ്രവാസികളെ കൊണ്ടുവരാനായി ആദ്യ വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെട്ടു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അബുദാബിയിലേക്ക് പോയത്. അതേസമയം, പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണമാണ് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ജനപ്രതിനിധികൾ അടക്കമുള്ളവർക്ക് വിമാനത്താവളത്തിലേക്കോ നിരീക്ഷണ കേന്ദ്രത്തിലേക്കോ പ്രവേശനമില്ല.
12 അംഗ ക്യാബിൻ ക്രൂവാണ് കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെട്ടത്. ദൗത്യ സംഘത്തിനായി തെരഞ്ഞെടുത്തതിൽ അഭിമാനമെന്ന് ക്യാപ്റ്റൻ അൻഷോൽ ഷൗരാൻ പ്രതികരിച്ചു. പേടിയില്ലെന്നും സുരക്ഷ മുൻകരുതലെല്ലാം പൂർത്തിയായെന്നും ആത്മവിശ്വാസമെന്നും വിമാനത്തിലെ ക്യാമ്പിൻ അംഗങ്ങൾ പറഞ്ഞു. കോസ്റ്റ് ഗാർഡ് മുൻ ഉദ്യോഗസ്ഥനായിരുന്നു അൻഷോൽ ഷൗരാൻ.
വിമാനത്തിൽ നിന്ന് 30 പേർ വീതമുള്ള സംഘങ്ങൾ ആയിട്ടാവും യാത്രക്കാരെ ഇറക്കുക. ഇവരുടെ പരിശോധന പൂർത്തിയാക്കിയ ശേഷമാവും അടുത്ത ബാച്ച് യാത്രക്കാരെ ഇറക്കുക. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂന്ന് മണിക്ക് മോക് ഡ്രിൽ ഉണ്ടാകും. രോഗ ലക്ഷണം ഉള്ളവരെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റാനാണ് തീരുമാനം. മറ്റുള്ളവരെ ടാക്സി, കെ.എസ്.ആർ.ടി.സി ബസുകളിൽ നിരീക്ഷണ കേന്ദ്രത്തിൽ എത്തിക്കും. പൊലീസ് അകമ്പടിയോടെയാകും വാഹനങ്ങൾ പോകുക.