auto-stand

സംസ്ഥാനത്ത് കൊവിഡ് ഭീഷണി ആശ്വാസകരമാം വിധം അയവു വന്നതോടെ ജനജീവിതം വളരെ മന്ദഗതിയിലാണെങ്കിലും സാധാരണ നിലയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. അതിതീവ്ര മേഖലകളല്ലാത്തിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ പലതും തുറന്നുകഴിഞ്ഞു. ചെറുതും ഇടത്തരവുമായ കടകളെല്ലാം മുൻപത്തേതുപോലെ സജീവമായിട്ടുണ്ട്. മാളുകൾ, ബഹുനില മന്ദിരങ്ങളിൽ പ്രവർത്തിക്കുന്ന വലിയ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ ഇനിയും പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. ജനങ്ങൾക്ക് അവരുടെ നിത്യജീവിതത്തിനാവശ്യമായ സാധനങ്ങൾ തുറന്നുവച്ചിട്ടുള്ള കടകളിൽ നിന്ന് സുലഭമായി ലഭിക്കുന്നതിനാൽ ബുദ്ധിമുട്ടൊന്നുമില്ല. ആകെയുള്ള ഇപ്പോഴത്തെ പ്രധാന വിഷമം പൊതുഗതാഗത സംവിധാനങ്ങൾ പുനരാരംഭിച്ചിട്ടില്ലെന്നതാണ്. സ്വന്തമായി കാറോ ഇരുചക്ര വാഹനമോ ഉള്ളവർക്ക് പ്രയാസമൊന്നുമില്ലെങ്കിലും ഇതൊന്നുമില്ലാത്ത സാധാരണക്കാർക്ക് അത്യാവശ്യ യാത്ര ഇപ്പോഴും വലിയ പ്രശ്നം തന്നെയാണ്. സാധാരണക്കാരുടെ ആശ്രയമായ ആട്ടോറിക്ഷകൾ ഇല്ലാത്തതാണ് ഏറെ വിഷമിപ്പിക്കുന്നത്. ലോക്ക് ഡൗൺ നിയന്ത്രണത്തിൽ നിന്ന് ആട്ടോറിക്ഷകൾ എന്നു മോചിതമാകുമെന്ന് അധികൃതർ ഇനിയും പറയുന്നില്ല.

സംസ്ഥാനമൊട്ടാകെ ലക്ഷക്കണക്കിനു വരുന്ന ആട്ടോറിക്ഷകൾ കഴിഞ്ഞ മാർച്ച് 25 മുതൽ കിടന്ന കിടപ്പിലാണ്. ഇവ ഉപജീവന മാർഗമാക്കി കുടുംബം പുലർത്തുന്നവരാണ് ലോക്ക് ഡൗണിന്റെ ആഘാതം ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടിവന്ന വിഭാഗങ്ങളിൽ ഏറ്റവും മുന്നിലുള്ളത്. ലോക്ക് ഡൗൺ ഇല്ലാതിരുന്ന കാലത്തും ഇവരിൽ പലർക്കും കുടുംബം നടത്തിക്കൊണ്ടു പോകാനാവശ്യമായ വരുമാനം ലഭിച്ചിരുന്നില്ല. ആട്ടോകളുടെ പെരുപ്പവും കൂടുതൽ പേർ സ്വന്തം വാഹനങ്ങളുടെ ഉടമകളായി മാറാൻ തുടങ്ങിയതും ആട്ടോക്കാരുടെ വരുമാനത്തെയാണ് ബാധിച്ചത്.

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ ഇതിനകം വന്നിട്ടുണ്ട്. ഇനി സർക്കാരിന്റെ ശ്രദ്ധ പതിയേണ്ട മേഖലകളിൽ പ്രധാനം ഗതാഗത മേഖലയാണ്. പ്രായോഗികമായി ഒട്ടേറെ പ്രതിബന്ധങ്ങൾ ഉണ്ടെങ്കിലും ഘട്ടംഘട്ടമായി പൊതുഗതാഗതം അനുവദിക്കേണ്ടതിന്റെ അടിയന്തരാവശ്യം സർക്കാരിനും ബോദ്ധ്യമില്ലാതില്ല. ചിലയിനം ടാക്സികൾക്ക് ഓടാൻ അനുമതി നൽകിയത് ഇതിന്റെ ഭാഗമായിട്ടാണ്. സാധാരണക്കാരന്റെ വാഹനമായ ആട്ടോറിക്ഷയ്ക്ക് അപ്പോഴും ഓടാൻ അനുമതി ലഭിച്ചതുമില്ല. കടുത്ത നിബന്ധനകൾ ഏർപ്പെടുത്തി ആട്ടോകൾക്കും നിയന്ത്രിതമായ നിലയിൽ റോഡിലിറങ്ങാൻ അനുമതി നൽകുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കേണ്ടതാണ്. കയറ്റാവുന്ന യാത്രക്കാരുടെ കാര്യത്തിൽ കർക്കശമായ നിയന്ത്രണങ്ങളുണ്ടാകണമെന്നു മാത്രം. രോഗഭീഷണിയില്ലാത്ത സ്ഥലങ്ങളിൽ മാത്രമായി ഓട്ടം പരിമിതപ്പെടുത്താവുന്നതാണ്. വിദഗ്ദ്ധ സമിതി ഇതുസംബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ ആവിഷ്കരിക്കണം.

പൊതുഗതാഗതം പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആലോചനകൾ നടക്കുകയാണ്. പരിമിതമായ തോതിലെങ്കിലും ബസ് സർവീസ് തുടങ്ങാനാവുമോ എന്നാണു നോക്കുന്നത്. ഫുട്‌ബോർഡ് വരെ യാത്രക്കാരെ കുത്തിനിറച്ച് ഓടിക്കൊണ്ടിരുന്ന പഴയ മാതൃക എന്തായാലും ഏറെ നാളത്തേക്ക് ഇനി നടപ്പില്ല. ഒരു ബസിൽ കയറ്റാവുന്ന യാത്രക്കാർക്ക് പരിമിതി ഉണ്ടാകും. അകലം പാലിക്കേണ്ടതിനാൽ വളരെ കുറച്ചുപേർക്കേ യാത്ര ചെയ്യാനാവൂ. സ്വകാര്യ ബസുടമകളെ സംബന്ധിച്ച് ഇത് വൻ നഷ്ടക്കച്ചവടമാകുമെന്നതിനാൽ ഉടനടി സർവീസ് പുനരാരംഭിക്കാൻ അവർ ഒരുങ്ങുമെന്നു തോന്നുന്നില്ല. നഷ്ടത്തിന്റെ പടുകുഴിയിൽ ആണ്ടുകിടക്കുന്ന കെ.എസ്.ആർ.ടി.സിയെ സഹായിക്കാൻ സർക്കാർ മുന്നോട്ടു വന്നാൽ അവർ സർവീസ് പുനരാരംഭിക്കാൻ സന്നദ്ധരാകും. ഏതായാലും പൊതുഗതാഗത മേഖല ഇനിയും ദീർഘനാൾ അടച്ചിടുന്നത് വലിയ നഷ്ടം മാത്രമല്ല ജനങ്ങൾക്ക് വളരെയധികം പ്രയാസമുണ്ടാക്കുന്നതുമാണ്. രോഗതീവ്രതയില്ലാത്ത മേഖലകളിൽ ഏറെ സജീവമാണ് കാര്യങ്ങൾ. ആ നിലയ്ക്ക് നിയന്ത്രിത തോതിൽ പൊതുഗതാഗതം തുടങ്ങുന്നതുകൊണ്ട് വലിയ ദോഷം വരുമെന്നു തോന്നുന്നില്ല. കടകളിലും നിരത്തിലും ഓഫീസുകളിലുമൊക്കെ ആളുകൾ മുൻകരുതലെടുത്ത് എത്തുന്നുണ്ട്. അവർ തന്നെയാകുമല്ലോ ബസുകളിലെയും യാത്രക്കാർ.

കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി കഴിഞ്ഞ ദിവസം ഗതാഗത മേഖലയുമായി ബന്ധപ്പെട്ട സംഘടനാ പ്രതിനിധികളുമായി പൊതുഗതാഗതം പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തുകയുണ്ടായി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അനേകായിരം പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ പൊതുഗതാഗത മേഖല കുറഞ്ഞ തോതിലെങ്കിലും തുറക്കേണ്ടതുണ്ടെന്ന അഭിപ്രായക്കാരനാണ് മന്ത്രിയും. പൊതുഗതാഗതം പുനരാരംഭിക്കുന്നതിനു മുന്നോടിയായി പ്രത്യേക മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കേണ്ടതുണ്ട്. ബസിലും ട്രെയിനിലും വിമാനത്തിലുമൊക്കെ കയറ്റാവുന്ന യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തേണ്ടിവരുമ്പോൾ പ്രവർത്തനച്ചെലവു കൂടി പരിഗണിക്കേണ്ടിവരും. യാത്രക്കാരുടെ തിരക്കിനനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കേണ്ട സാഹചര്യമുണ്ടാകും. മൂന്നുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ രണ്ടുപേർക്കേ ഇരിക്കാനാവൂ. സീറ്റിംഗ് ശേഷിയുടെ പകുതി പേരെ വച്ച് സർവീസ് നടത്തേണ്ടിവരുമ്പോഴുണ്ടാകുന്ന ഭീമമായനഷ്ടം എങ്ങനെ നേരിടണമെന്ന കാര്യത്തിൽ സർക്കാരും നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. രാജ്യത്തെ ഭൂരിഭാഗം ട്രാൻസ്പോർട്ട് കോർപ്പറേഷനുകളും നേരത്തെ തന്നെ നഷ്ടത്തിലായതിനാൽ ലോക്ക് ഡൗൺ കാലത്തെ തിരിച്ചടികൾ കൂനിന്മേൽ കുരു എന്നതു പോലെയായി.

രാജ്യത്ത് കൊവിഡ് രോഗികൾ ദിനം തോറും പെരുകിവരുന്നത് കൂടുതൽ ആശങ്കയും ഭീതിയും സൃഷ്ടിക്കുന്നുണ്ട്. ലോക്ക് ഡൗൺ ഇളവുകളുടെ ആശാസ്യതയെക്കുറിച്ച് ഗൗരവമായ ചിന്തകളും അത് പങ്കുവയ്ക്കുന്നു. പ്രതിദിനം മൂവായിരത്തിനടുത്ത് എന്ന തോതിലാണ് രോഗികളുടെ വർദ്ധന. അൻപത്തിരണ്ടായിരത്തിലധികം രോഗികളാണ് രാജ്യത്തുള്ളത്. മഹാരാഷ്ട്ര, ഗുജറാത്ത്, മദ്ധ്യപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് രോഗവ്യാപനത്തിൽ വലിയ ആശങ്ക ജനിപ്പിക്കുന്നത്. സ്ഥിതി നിയന്ത്രിക്കാനാവുന്നില്ലെങ്കിൽ കൂടുതൽ കർക്കശമായ നിയന്ത്രണങ്ങളിലേക്ക് കാര്യങ്ങൾ എത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

...............................................................................................................................................................................................................................................

സംസ്ഥാനമൊട്ടാകെ ലക്ഷക്കണക്കിനു വരുന്ന ആട്ടോറിക്ഷകൾ കഴിഞ്ഞ മാർച്ച് 25 മുതൽ കിടന്ന കിടപ്പിലാണ്. ഇവ ഉപജീവന മാർഗമാക്കി കുടുംബം പുലർത്തുന്നവരാണ് ലോക്ക് ഡൗണിന്റെ ആഘാതം ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടിവന്ന വിഭാഗങ്ങളിൽ ഏറ്റവും മുന്നിലുള്ളത്.