pic

മലപ്പുറം: മലപ്പുറത്ത് വനിതാ പഞ്ചായത്ത് അംഗത്തെയും ഭർത്താവിനെയും വീട്ടിൽ കയറി മർദ്ദിച്ചു.ലോക്ക് ഡൗൺ ലംഘനം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നാരോപിച്ചാണ് ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്ത് വനിതാ അംഗം കെ. ഖദീജ, ഭർത്താവ് എം. സൈതലവി എന്നിവരെ ഒരുസംഘം വീട്ടിൽക്കയറി മർദ്ദിച്ചത്. ഖദീജയുടെ വീടിന് സമീപത്തെ ക്വാട്ടേഴ്‌സിൽ താമസിക്കുന്ന പാലക്കാട് സ്വദേശികളായ മൂന്ന് യുവാക്കളുടെയും ഇവരുടെ സഹോദരിയുടെയും പേരിലാണ് കേസ്. തേഞ്ഞിപ്പലത്തിന് സമീപത്തായിരുന്നു സംഭവം.


ക്വാർട്ടേഴ്‌സിന് സമീപത്ത് ഇവർ രാത്രിയിലും മറ്റും കൂട്ടം കൂടിയിരിക്കുന്നതറിഞ്ഞ് പൊലീസും ആരോഗ്യവകുപ്പും പരിശോധന നടത്തിയിരുന്നു. പൊലീസ് ഇവരെ പലതവണ ഓടിച്ചിട്ടുമുണ്ട്. കൂട്ടം കൂടുന്നത് പൊലീസിനെ അറിയിച്ചത് ഖദീജയാണെന്നു പറഞ്ഞാണ് ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.


വീടിന്റെ വരാന്തയിൽ നിൽക്കുന്ന സൈതലവിയെയാണ് ആദ്യം ആക്രമിച്ചത് .
ഭർത്താവിനെ ആക്രമിക്കുന്നതുകണ്ട് ഓടിയെത്തിയ ഖദീജയേയും അക്രമിസംഘം മർദ്ദിക്കുകയായിരുന്നു. ബഹളംകേട്ട് ആളുകൾ എത്തിയപ്പോഴേക്കും സംഘം ഓടി രക്ഷപ്പെട്ടു. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.