മുംബയ്: ആശങ്കകൾ ഇരട്ടിയാക്കി മഹാരാഷ്ട്ര പൊലീസിൽ വീണ്ടും കൊവിഡ് മരണം. സോലാപ്പൂർ ജില്ലയിൽ 58കാരനായ എ.എസ്.ഐയാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. സർവീസിൽ നിന്നും നാല് മാസങ്ങൾക്കുള്ളിൽ വിരമിക്കാനിരിക്കെയാണ് മരണം. മഹാരാഷ്‌ട്രയിൽ ഇതേവരെ വൈറസ് ബാധിച്ച് മരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ മാസം മുംബയ് പൊലീസിലെ മൂന്ന് പേരും പൂനെ പൊലീസിലെ ഒരാളും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കൊവിഡ് ലോക്ക്ഡൗൺ തുടങ്ങിയത് മുതൽ 457 പൊലീസുകാർക്കാണ് സംസ്ഥാനത്ത് കൊവിഡ് ഫലം പോസിറ്റീവായതെന്ന് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. ഇതിൽ 48 പൊലീസ് ഓഫീസർമാർ ഉൾപ്പെടുന്നു. നേരത്തെ മുംബയിൽ ഒരു ഐ.പി.എസ് ഓഫീസറിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
മുംബയിൽ മാത്രം 100 ലേറെ പൊലീസ് ഉദ്യോഗസ്ഥർക്കാണ് വൈറസ് ബാധയേറ്റത്. അടുത്തിടെ മുംബയ് ജെ.ജെ. പൊലീസ് സ്റ്റേഷനിലെ 12 പൊലീസുകാർക്ക് കൊവിഡ് കണ്ടെത്തിയിരുന്നു. മറ്റ് ആറ് പൊലീസ് ഉദ്യോഗസ്ഥരെയും രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ട മറ്റ് 48 പേരെയും ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്. ധാരാവി, ഷഹുനഗർ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരിലും രോഗം കണ്ടെത്തിയിരുന്നു.
അതേ സമയം, കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത് പുതിയ 1,233 കൊവിഡ് കേസുകളാണ്. ഇത് വരെ ദിനംപ്രതി രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16,758 ആയി. ഇന്നലെ മാത്രം 34 പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്. ആകെ 651 പേർക്ക് സംസ്ഥാനത്ത് ജീവൻ നഷ്ടപ്പെട്ടു.
മുംബയ് നഗരത്തിൽ മാത്രം രോഗികളുടെ എണ്ണം 10,000 കടന്നു. 57 ദിവസങ്ങൾ കൊണ്ട് 10,714 കൊവിഡ് രോഗികളാണ് മുംബയിലുണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയിലെ 63.93 ശതമാനം കൊവിഡ് ബാധിതരും മുംബയിലാണുള്ളത്. ദേശീയ ശരാശരി പരിഗണിക്കുമ്പോൾ മുംബയിൽ മാത്രം 19.20 ശതമാനം കൊവിഡ് രോഗികളാണുള്ളത്.