മലയിൻകീഴ് : കുണ്ടമൺകടവ് പുതിയ പാലത്തിന് സമീപത്തെ അനധികൃത കച്ചവടവും കൈയേറ്റങ്ങളും വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ ഒഴിപ്പിച്ചു. ഇനി പലത്തിന് സമീപം യാതൊരു വഴിയോരക്കച്ചവടവും അനുവദിക്കില്ലെന്ന് പ്രസിഡന്റ് അറിയിച്ചു. പഞ്ചായത്ത് ഇതുസംബന്ധിച്ച ബോർഡും സ്ഥാപിച്ചു. പുതിയ പാലം പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തതിന് പിന്നാലെ ഇവിടെ വഴിയോരക്കച്ചവടം ആരംഭിച്ചിരുന്നു. ഇതിന് പുറമേ ടാങ്കർ ലോറികൾ ഇവിടം പാർക്കിംഗ് സ്ഥലമായും ഉപയോഗിച്ചിരുന്നു. പാലത്തിനരികിലെ അപകടകരമായ കച്ചവടവും വാഹനപാർക്കിംഗും വിശദീകരിച്ച് കഴിഞ്ഞ നവംബറിൽ കേരളകൗമുദി വാർത്ത നൽകിയിരുന്നു. തുടർന്നാണ് പഞ്ചായത്ത് വഴിയോരക്കച്ചവടവും പാർക്കിംഗും അവസാനിപ്പിക്കുന്നതിന് കൈയേറ്റക്കാർക്ക് രേഖാമൂലം അറിയിപ്പ് നൽകിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും കച്ചവടം അവസാപ്പിക്കാത്തതോടെയാണ് ഇന്നലെ രാവിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി ഒഴിപ്പിച്ചത്. പാലത്തിനു സമീപം കുന്നുകൂടിയ മാലിന്യവും നീക്കം ചെയ്തു. വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റിന് പുറമേ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജുദാസ്, സെക്രട്ടറി വിജയലക്ഷ്മി എന്നിവരും നാട്ടുകാരും ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു.