china

കൊവിഡ് അനന്തര കാലത്ത് ചൈനയിൽ നിന്ന് ചില വൻകിട കമ്പനികൾ വിട പറയും. തെക്ക് കിഴക്കൻ ഏഷ്യയിലെ രാജ്യങ്ങളായ ഇന്ത്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറാനാണ് കമ്പനികൾ ഉദ്ദേശിക്കുന്നത്. ഇത് മുൻകൂട്ടി കണ്ട് ഇന്ത്യ ഒരുക്കങ്ങൾ തുടങ്ങി. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലായി ഇതിനകം 461,589 ഹെക്ടർ സ്ഥലംകണ്ടെത്തിക്കഴിഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ 115,131 ഹെക്ടർ സ്ഥലം ഉൾപ്പെടെയാണിത്.

ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന കമ്പനികളെ അലട്ടുന്ന പ്രധാന പ്രശ്നം സ്ഥലത്തിന്റെ ദൗർലഭ്യമാണ്. മാത്രമല്ല അവർ സ്വന്തം നിലയിൽ ഭൂമി കണ്ടെത്തുകയും വേണം. ഇത് പലപ്പോഴും പ്രോജക്റ്റ് തുടങ്ങാൻ ഏറെ വൈകുന്നതിന് കാരണമായി. സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ രാഷ്ട്രീയ സമരങ്ങളും പതിവായിരുന്നു.

സർക്കാർ ഭൂമി ഏറ്റെടുത്ത് കൈമാറുമ്പോൾ കമ്പനികൾക്ക് വലിയ തലവേദന ഒഴിവാകും. മാത്രമല്ല വൈദ്യുതി, ജലം, റോഡ് തുടങ്ങിയ സൗകര്യങ്ങളോടെയാവും കൈമാറുക. അങ്ങനെ പുതിയ ഇക്കണോമിക് സോണുകൾ വിവിധ സംസ്ഥാനങ്ങളിലായി ഉണ്ടായിവരും.

പ്രധാനമായും 10 മേഖലകളിലുള്ള നിർമ്മാണ യൂണിറ്റുകൾക്കാവും ഇന്ത്യ പ്രാധാന്യം നൽകുക. ഇലക്ട്രിക്കൽ, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഹെവി എൻജിനിയറിംഗ്, സോളാർ ഉപകരണങ്ങൾ, ഭക്ഷ്യ സംസ്കരണം, കെമിക്കൽസ്, ടെക്സ്റ്റയിൽ എന്നിവയാവും ഈ മേഖലകൾ.നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന വൻ കമ്പനികളുമായി ബന്ധപ്പെടാനുള്ള നീക്കം വിദേശ എംബസികളുമായി ചേർന്ന് ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. ജപ്പാൻ, അമേരിക്ക, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങൾ ഇതിനകം തന്നെ നിക്ഷേപത്തിന് തയ്യാറായി ഇന്ത്യയുമായി ബന്ധപ്പെട്ട് കഴിഞ്ഞു.

നിലവിലുള്ള ഇക്കണോമിക് സോണുകളിൽ ഉപയോഗിക്കാത്ത സ്ഥലങ്ങളും പുതിയ കമ്പനികൾക്ക് വിട്ടുനൽകും.

ആന്ധ്ര സർക്കാർ സ്വന്തം നിലയിൽ തന്നെ നിരവധി വൻകിട കമ്പനികളുമായി ബന്ധപ്പെട്ടുവരികയാണ്. യു.പി സർക്കാരും ഭൂമി നൽകുന്നതിന് ഓൺ ലൈൻ സംവിധാനം തുടങ്ങിയിരിക്കുകയാണ്.