pic

തിരുവനന്തപുരം: പ്രവാസികളിൽ നിന്നും പണം ഈടാക്കി സ്വകാര്യ ക്വാറന്‍റൈൻ കേന്ദ്രം അനുവദിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. സ്വകാര്യ നിരീക്ഷണ കേന്ദ്രത്തെപ്പറ്റി ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. അതേസമയം, മടങ്ങിയത്തിവർ ആവശ്യപ്പെട്ടാൽ പ്രത്യേക കേന്ദ്രങ്ങൾ അനുവദിക്കുമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.

സ്വകാര്യ ഹോട്ടലുകളും വീടുകളും കണ്ടെത്തി പട്ടിക പുറത്തിറക്കിയ സർക്കാർ നാട്ടിലേക്ക് മടങ്ങിയെത്തുന്നവർക്ക് പണം നൽകിയാൽ മെച്ചപ്പെട്ട സൗകര്യങ്ങളോട് കൂടിയ ക്വാറന്‍റൈൻ കേന്ദ്രങ്ങൾ അനുവദിക്കാൻ തയ്യാറെടുത്തിരുന്നു. പണം നൽകേണ്ടത് എങ്ങനെ ക്വാറന്‍റൈൻ കേന്ദ്രം തെരഞ്ഞെടുക്കാൻ കഴിയുമോ എന്നതിൽ സർക്കാർ ഇനിയും വ്യക്തത വരുത്തിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന് നിരീക്ഷണത്തിൽ കഴിയുന്നവരിൽ ചിലരും സർക്കാർ അനുമതിക്കായി കാത്തിരിക്കുകയാണ്. എന്നാൽ ഇന്ന് രാത്രി പ്രവാസികൾ കൂടി മടങ്ങി വരുമെന്നിരിക്കെ നിലവിൽ അത്തരം സൗകര്യങ്ങൾ ഉണ്ടാകില്ലെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്.

കേന്ദ്ര മാർഗനിർദ്ദേശം പിന്തുടർന്ന് മടങ്ങി വരുന്നവരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ മാത്രം പാർപ്പിക്കുന്നതാണ് പ്രായോഗികമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. ഹോട്ടലുകൾ അടക്കം ജില്ലകളിൽ കണ്ടെത്തിയ പ്രത്യേക കേന്ദ്രങ്ങളുടെ വാടക നിരക്ക് അടക്കം തീരുമാനിക്കാത്തതും സ്വകാര്യ നിരീക്ഷണത്തിന്മേലുള്ള തീരുമാനം വൈകിപ്പിക്കുന്നു.