sita

വർക്കല: ഹൃദയവാൽവുകൾ തകരാറിലായി ചികിത്സയ്ക്കും നിത്യവൃത്തിക്കും വഴിയില്ലാതെ ജീവിതം വഴിമുട്ടി നിൽക്കുകയാണ് വെട്ടൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ഒലിപ്പ് വിള പുത്തൻവീട്ടിൽ സീത എന്ന മുപ്പത്തേഴുകാരി. പരേതരായ രാമന്റെയും വാമാക്ഷിയുടെയും മൂന്നു മക്കളിൽ ഇളയവളാണ് സീത. രണ്ടാംക്ലാസിൽ പഠിക്കുമ്പോൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീണു. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഹൃദയ വാൽവുകൾക്ക് തകരാറാണെന്ന് കണ്ടെത്തിയത്. എട്ടാം ക്ലാസുവരെ പഠനം പൂർത്തിയാക്കിയ സീതയ്ക്ക് രോഗം മൂർച്ഛിച്ചതിനാൽ തുടർപഠനത്തിന് കഴിഞ്ഞില്ല. മാതാവ് 19 വർഷം മുൻപ് മരണമടഞ്ഞു. തുടർന്ന് അച്ഛന്റെ സംരക്ഷണയിലായിരുന്നു സീതയുടെ ജീവിതം. പിതാവ് ചൂരൽ പണി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. സഹോദരങ്ങൾ വിവാഹത്തെ തുടർന്ന് മറ്റൊരിടത്തേക്ക് താമസമുറപ്പിച്ചു. 2011ൽ സീതയുടെ വിവാഹം കഴിഞ്ഞെങ്കിലും ഭർത്താവ് സീതയെ ഉപേക്ഷിച്ചു പോയി. മൂന്നുവർഷംമുമ്പ് അച്ഛനും മരിച്ചതോടെ സീതയുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലായി. തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് സീത ചികിത്സ നടത്തിവന്നിരുന്നത്. ആകെ ഉണ്ടായിരുന്ന വീട് മഴക്കാലത്ത് നിലംപൊത്തി. കുടുംബ ഓഹരിയായ വസ്തുവിൽ ടാർപോളിൻ ഷീറ്റ് വലിച്ച് കെട്ടി അതിലാണ് ഇപ്പോൾ അന്തിയുറങ്ങുന്നത്. സീതയ്ക്ക് അവകാശപ്പെട്ട ഭൂമിയുടെ വിലപ്പെട്ട രേഖകൾ ബന്ധുക്കളായ ചിലർ കൈക്കലാക്കുകയും ചെയ്തു. ചായ്‌പിലെ അന്തിയുറക്കത്തിനിടെ ഒരു ദിവസം കീരി കടിച്ചു പരിക്കേൽപ്പിച്ചതിനെ തുടർന്ന് മൂന്നു മാസത്തോളം ചികിത്സ തേടേണ്ടി വന്നു. യാതൊരുവിധ സുരക്ഷിതത്വവും ഇല്ലാതെ കെട്ടുറപ്പില്ലാത്ത ടാർപോളിൻ ഷീറ്റിനു കീഴിൽ അന്തിയുറങ്ങുന്ന സീതയ്ക്ക് തുടർ ചികിത്സയ്ക്കുള്ള വകപോലും നൽകാൻ നാട്ടിലെ സാംസ്കാരിക സംഘടനകൾക്കോ ജനപ്രതിനിധികൾക്കോ കഴിയുന്നില്ല എന്നതാണ് വിരോധാഭാസം.