തിരുവനന്തപുരം: നാട്ടിലെത്താൻ കാത്തിരിക്കുന്ന പ്രവാസികൾക്കായി എല്ലാ സജ്ജീകരണങ്ങളുമൊരുക്കി തലസ്ഥാനം. ഞായറാഴ്ച രാത്രി 10.45ന് ഖത്തറിലെ ദോഹയിൽ നിന്ന് പ്രവാസികളെയും കൊണ്ടുള്ള ആദ്യ വിമാനം തലസ്ഥാനത്തെത്തും. ഇവരെ സ്വീകരിക്കാനുള്ള എല്ലാ സൗകര്യവും ജില്ലാ ഭരണകൂടവും നഗരസഭയും ഒരുക്കിക്കഴിഞ്ഞു.കൊവിഡ് രോഗവ്യാപനമെന്ന ഭീതിയെ മാറ്റിനിറുത്താൻ പഴുതടച്ച സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ ആറ് താലൂക്കുകളിലും പ്രവാസികൾക്ക് നിരീക്ഷണത്തിൽ കഴിയാനുള്ള ക്രമീകരണം സജ്ജമാക്കിയിട്ടുണ്ട്. താമസസ്ഥലങ്ങളെല്ലാം അണുവിമുക്തമാക്കി. നിരീക്ഷണകേന്ദ്രങ്ങളിലെത്തുന്നവർ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനും ഇവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കാനും ആരോഗ്യപ്രവർത്തകരുണ്ടായിരിക്കും.
സൗകര്യങ്ങൾ
17,000 പേരെ താമസിപ്പിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്
കൂടുതൽ പേർ എത്തുകയാണെങ്കിൽ ഹോസ്റ്റലുകൾ, ഹോട്ടലുകൾ, ആഡിറ്റോറിയങ്ങൾ, സ്റ്റേഡിയങ്ങൾ തുടങ്ങിയവ ഏറ്റെടുക്കും
ജില്ലാ ഭരണകൂടം 11,617 പേർക്കാണ് സൗകര്യമൊരുക്കിയിരിക്കുന്നത്
കോർപറേഷൻ 9,100 പേർക്കുള്ള സൗകര്യവുമൊരുക്കി
സർക്കാർ ചെലവിൽ കഴിയുന്നവർക്കുള്ള ഭക്ഷണം കമ്മ്യൂണിറ്റി കിച്ചണുകൾ വഴി ലഭിക്കും
കേന്ദ്രങ്ങളുടെ സുരക്ഷ, ശുചീകരണം എന്നിവ കോർപറേഷൻ ഒരുക്കും
ആദ്യഘട്ടത്തിൽ എത്തുന്നവരെ കൊവിഡ് സെന്ററുകളായി പ്രവർത്തിക്കുന്ന സ്ഥലങ്ങളിലാക്കും
സ്വന്തം ചെലവിൽ താമസിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നവരെ കെ.ടി.ഡി.സിയുടെ ഹോട്ടലുകളിൽ
വിമാനത്താവളം മുതൽ നിരീക്ഷണ കേന്ദ്രം വരെ
വിമാനത്താവളത്തിൽ നിന്ന് ആരോഗ്യ പരിശോധനകൾക്ക് ശേഷമായിരിക്കും നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുക. വിമാനം ഇറങ്ങുന്നതിന് 45 മിനിട്ട് മുൻപ് എയർപോർട്ടിലും നിരീക്ഷണകേന്ദ്രങ്ങളിലും പാലിക്കേണ്ട കാര്യങ്ങളെപ്പറ്റി അനൗൺസ്‌മെന്റ് നടത്തും.15 മുതൽ 20 പേരെയാണ് ഒരു മീറ്റർ അകലം പാലിച്ച് ഒരേ സമയം വിമാനത്തിൽ നിന്നിറക്കുക. എയ്റോ ബ്രിഡ്ജിൽ വച്ച് ശരീര താപനില പരിശോധിക്കും. അത്യാധുനിക തെർമൽ ഇമേജിംഗ് കാമറ പരിശോധനയ്ക്കായി ഒരുക്കിയിട്ടുണ്ട്. പനിയുള്ളവരെ ഐസൊലേഷൻ ബേയിലേക്കും അല്ലാത്തവരെ ഹെൽപ് ഡെസ്കിലേക്കും മാറ്റും. ഹെൽപ് ഡെസ്കിലെ ആരോഗ്യപ്രവർത്തകർ പരിശോധിച്ച് രോഗലക്ഷണങ്ങളുണ്ടോയെന്ന് കണ്ടെത്തും. രോഗലക്ഷണം കാണിക്കുന്നവരെയും ഐസോലേഷൻ ബേയിലേക്കും അല്ലാത്തവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്കും എത്തിക്കും. ഇവരുടെ ലഗേജുകൾ അണുവിമുക്തമാക്കി വീടുകളിലേക്കോ ആശുപത്രികളിലേക്കോ എത്തിക്കും. പൊലീസിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് പരിശോധന.
ഞായറാഴ്ച എത്തുക 200 പേർ
11,217 പേർക്ക് സർക്കാർ ചെലവിലും 6471 പേർക്ക് സ്വന്തം ചെലവിലും നിരീക്ഷണത്തിൽ കഴിയാം
സ്വന്തം ചെലവിൽ കഴിയാൻ 261 സ്വകാര്യ ഹോട്ടലുകൾ സജ്ജം