കിളിമാനൂർ: ലോക്ക് ഡൗണിൽ ജനം പൊറുതി മുട്ടുമ്പോൾ കാടിറങ്ങി വരുന്ന കാട്ടു മൃഗങ്ങൾ ഇവരുടെ ജീവിതം കൂടുതൽ ദുസഹമാക്കുന്നു. കഴിഞ്ഞ കുറെ നാളുകളായി പന്നി ശല്യമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ വാനര ശല്യം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് കിളിമാനൂർ പ്രദേശവാസികൾ. കിളിമാനൂർ പ്രദേശത്ത് ചിറ്റിലഴികം, ചാരുപാറ, ചാവേറ്റിക്കാട്, തട്ടത്തുമല, തൊട്ടി വിള, നെല്ലിക്കുന്ന് മേഖലകളിലാണ് വാനര ശല്യം രൂക്ഷമായിരിക്കുന്നത്. നാട്ടിൽ ചക്കയുടെയും മാങ്ങയുടെയും സീസൺ ആയതോടെ ഉൾപ്രദേശങ്ങളിൽ നിന്ന് ജനവാസ മേഖലകളിലേക്ക് എത്തുന്ന ഇവ കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കുകയാണ്. ആദ്യകാലങ്ങളിൽ മനുഷ്യനെ പേടിയായിരുന്നു ഇവ ഇപ്പോൾ സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കാൻ തുടങ്ങിയിട്ടുണ്ട്.
മനുഷ്യരെ വരെ ആക്രമിക്കാൻ തുടങ്ങിയതോടെ ഈ വേനലവധിക്ക് കുട്ടികളെ തനിച്ച് കളിക്കാൻ പുറത്ത് വിടാൻ വരെ പേടിയാണ് രക്ഷകർത്താക്കൾക്ക്. ഇതിന് പുറമെ പന്നികളുടെ ശല്യം മറു ഭാഗത്ത്. തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടെ പന്നി കുത്തി ആശുപത്രിയിൽ ആയ സംഭവവും ഉണ്ട്. വാഹനങ്ങൾ റോഡിൽ ഇല്ലാത്തതിനാൽ മയിലുകളും കൂട്ടത്തോടെ നാട്ടിൽ ഇറങ്ങി. ഇവയും കൃഷി നശിപ്പിക്കുന്നു. ഇത്തരത്തിൽ പറന്നെത്തിയ രണ്ട് മയിലുകൾ കഴിഞ്ഞ ദിവസം ഇലക്ട്രിക് ലൈനുകളിൽ തട്ടി ചത്തിരുന്നു. വന്യ മൃഗങ്ങളിൽ നിന്നും രക്ഷ നേടാൻ പലപ്പോഴും വൈദ്യുതി വേലി തീർക്കുന്നതും ഇതിൽ തട്ടി നിരവധി ജീവനുകൾ പൊലിഞ്ഞിട്ടുമുണ്ട്. ഫോറസ്റ്റ് അധികൃതരോ ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരോ ഇതിന് ഒരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.