തിരുവനന്തപുരം: സിവിൽ സർവീസിൽ നിന്ന് ഏറെക്കാലമായി വിട്ടുനിൽക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമി നൽകിയ വിശദീകരണങ്ങൾ പരിശോധിക്കാൻ നിയോഗിച്ച നാല് അഡിഷണൽ ചീഫ്സെക്രട്ടറിമാരുടെ സമിതി ഇന്ന്സ്വാമിയിൽ നിന്ന് നേരിട്ട് തെളിവെടുക്കും. സെക്രട്ടേറിയറ്റിലെ തെളിവെടുപ്പ് ഇന്ന് പൂർത്തിയായില്ലെങ്കിൽ വീണ്ടും നടത്തും.
ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ്സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത അദ്ധ്യക്ഷനായ സമിതിയിൽ അഡിഷണൽ ചീഫ്സെക്രട്ടറിമാരായ ഡോ. ആശാ തോമസ്(വനം- വന്യജീവി), ദേവേന്ദ്രകുമാർ സിംഗ് (കൃഷി ), രാജേഷ് കുമാർ സിംഗ്( ധനകാര്യം) എന്നിവരാണ് അംഗങ്ങൾ. ഈ മാസം റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ്സെക്രട്ടറിയുടെ നിർദ്ദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടർനടപടികൾ .സ്വാമി തുടർന്നും ജോലിക്ക് ഹാജരായില്ലെങ്കിൽ സർവീസിൽ നിന്ന് പിരിച്ചുവിടാൻ കേന്ദ്രത്തോട് ശുപാർശ ചെയ്യുന്നതും സർക്കാരിന്റെ ആലോചനയിലുണ്ട്. നാലംഗ സമിതിയ പരിശോധിക്കുന്ന വിവരം കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിനും കൈമാറിയിട്ടുണ്ട്.
1991 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമി. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ കേന്ദ്ര നാളികേര വികസന ബോർഡിലേക്ക് ഡെപ്യൂട്ടേഷനിൽ പോയി. ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് 2019 മാർച്ചിൽ കേന്ദ്രസർക്കാർ നീക്കി. ഡെപ്യൂട്ടേഷൻ കാലാവധി അവസാനിപ്പിച്ച്, സേവനത്തിൽ നിന്ന് വിടുതൽ നൽകിയതായി കേന്ദ്രസർക്കാർ സംസ്ഥാനത്തെ അറിയിച്ചിരുന്നു. എന്നാൽ, ഒരു വർഷം പിന്നിട്ടിട്ടും സംസ്ഥാനത്ത് ജോലിയിൽ പ്രവേശിക്കാൻ സ്വാമി തയാറായിട്ടില്ല. ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ കേസ് നൽകിയിട്ടുണ്ടെന്നതാണ് ഇതിന് സ്വാമിയുടെ വിശദീകരണം. കൃത്യവിലോപത്തിനാണ് ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റിയതെന്നാണ് ലോക്‌സഭയിൽ കേന്ദ്രസർക്കാർ അറിയിച്ചത്. എന്നാൽ, അഴിമതിക്കെതിരെ നിന്നതിനാലാണ് തന്നെ മാറ്റിയതെന്ന് സ്വാമി ആരോപിക്കുന്നു.