സാവോ പോളോ : ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയുടെ വക്താവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ബൊൽസൊനാരോ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളായ ആർമി ജനറൽ ഒറ്റേവിയോ റീഗോ ബറോസിനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 59 കാരനായ ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. ദേശീയ സുരക്ഷാ മന്ത്രി ഉൾപ്പെടെ 20 ലേറെ ഉന്നത ഉദ്യോഗസ്ഥർക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. എന്നാൽ തനിക്ക് കൊവിഡ് പരിശോധന നടത്തിയെന്നും ഫലം നെഗറ്റീവാണെന്നുമാണ് ബൊൽസൊനാരോ പറയുന്നത്. എന്നാൽ ബൊൽസൊനാരോ പരിശോധന നടത്തിയതിന് യാതൊരു തെളിവുമില്ല.
ബ്രസീലിൽ കൊവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് കടുത്ത വിരോധിയാണ് ബൊൽസൊനാരോ. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ രാജ്യത്തെ സാമ്പത്തിക നില തകർക്കുമെന്നാണ് ബൊൽസൊനാരോ ആവർത്തിക്കുന്നത്. 126,611 പേർക്ക് ഇതേവരെ ബ്രസീലിൽ കൊവിഡ് സ്ഥിരീകരിച്ചു. 8,588 പേരാണ് രാജ്യത്ത് ഇതേ വരെ മരിച്ചത്. ഇന്നലെ മാത്രം 11,896 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ബ്രസീലിൽ കൊവിഡ് രോഗികളുടെ എണ്ണം ഒറ്റയടിയ്ക്ക് ഇത്രയും ഉയരുന്നത്. മേയ് 5ന് റിപ്പോർട്ട് ചെയ്തത് 6,449 കേസുകളായിരുന്നു. ലാറ്റിനമേരിക്കയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബ്രസീലിലാണ്.