നാഗർകോവിൽ: തമിഴ്‌നാട്ടിൽ ചെന്നൈ ഒഴികെ എല്ലാ ജില്ലകളിലും 44 ദിവസത്തിന് ശേഷം ഇന്നലെ ബിവറേജ് ഔട്ലെറ്റുകൾ (ടാസ്മാർക്ക് ) തുറന്നു. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവർത്തന സമയം. മദ്യത്തിന്റെ വിലയിലും 20 ശതമാനം വർദ്ധിപ്പിച്ചു.
രാവിലെ 10 മുതൽ ഒരു മണിവരെ 50 വയസിന് മുകളിലുള്ളവർക്കും, ഒരുമണി മുതൽ 3 മണി വരെ 40-50 വയസിനിടയിലുള്ളവർക്കും 3 മണി മുതൽ 5 മണി വരെ 40 ന് താഴെയുള്ളവർക്കുമാണ് മദ്യം നൽകിയത്. ആധാർ കാർഡ് കാണിച്ച് പൊലീസിന്റെ കൈയിൽ നിന്നു ടോക്കൺ വാങ്ങിയാലെ മദ്യം നൽകുകയുള്ളൂ. ഒരാൾക്ക് ഒരുഫുൾ ബോട്ടിൽ മദ്യം മാത്രമാണ് നൽകിയത്. മദ്യം വാങ്ങാൻ എത്തിയ ആളുകൾ എല്ലാം മാസ്ക് ധരിച്ച് മണിക്കൂറുകൾ ക്യൂ പാലിച്ചാണ് മദ്യം വാങ്ങിയത്. കേരളത്തിൽ നിന്ന് ആരും അതിർത്തി കടന്ന് മദ്യം വാങ്ങാതിരിക്കാൻ വേണ്ടി കന്യാകുമാരി ജില്ലയിലെ കേരള തമിഴ്നാട് അതിർത്തി പ്രദേശമായ കളിയിക്കാവിള, കൊല്ലങ്കോട്, നിദ്രവിള, കന്നുമാമൂട്, പനച്ചമൂട് എന്നിവിടങ്ങളിലുള്ള ബിവറേജസ് ഔട്ലെറ്റുകൾ ഒന്നും തുറന്നില്ല.
|