പാറശാല: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യോത്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചെങ്കൽ സർവീസ് സഹകരണ ബാങ്ക് നടപ്പിലാക്കിയ മരച്ചീനി കൃഷിയുടെ നടീൽ ഉത്സവത്തിന് കെ.ആൻസലൻ എം.എൽ.എ തുടക്കം കുറിച്ചു. വ്ലാത്താങ്കര വികാരി മോൺ. വി.പി.ജോസ്, ബാങ്ക് പ്രസിഡന്റ് എം.ആർ.സൈമൺ, സെക്രട്ടറി വിമൽ വി.വി, പാറശാല ബ്ലോക്ക് പഞ്ചായത്തംഗം ജെ.നിർമ്മലകുമാരി, ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ബാങ്കിന്റെ തരിശായി കിടന്ന രണ്ടേക്കർ സ്ഥലം ജെ.സി.ബി ഉപയോഗിച്ച് മണ്ണിളക്കി പാകപ്പെടുത്തിയാണ് മരച്ചീനി കൃഷി നടത്തുന്നത്. വിവിധയിനം പഴം - പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.