fghj

വർക്കല: പാർക്കിൻസൺസ് രോഗം ബാധിച്ച ഭർത്താവിന് താങ്ങായിരുന്ന ഗൃഹനാഥയെ കാൻസർ കീഴടക്കിയപ്പോൾ പകച്ചു പോയ കുടുംബത്തിന് താങ്ങാവുകയാണ് ചെമ്മരുതി നിവാസികൾ. സ്തനാർബുദത്തിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന വർക്കല ചെമ്മരുതി വലിയവിള സരസ്വതിവിലാസത്തിൽ രതി (38) ക്കാണ് നാട്ടിലെ സുമനസുകളുടെയും സംഘടനകളുടെയും സഹായം ലഭിച്ചത്. ഭർത്താവ് ജയകുമാറിന്റെ മരുന്ന്, 16 ഉം 14 ഉം വയസുളള പെൺമക്കളുടെ പഠനം, വീട്ടുചെലവ് തുടങ്ങിയവ കശുഅണ്ടി തൊഴിലിലൂടെ ലഭിച്ചിരുന്ന ചെറിയ വരുമാനത്തിലൂടെ രതി മുന്നോട്ട് കൊണ്ടുപോകുമ്പോഴാണ് ദുർവിധി കാൻസറിന്റെ രൂപത്തിൽ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തുന്നത്. ജോലി മുടങ്ങിയാൽ കുടുംബത്തിന്റെ സ്ഥിതി പരുങ്ങലിലാവുമെന്ന് കരുതി മാറിടം നീക്കം ചെയ്യേണ്ട അവസ്ഥയിലെത്തുന്നതുവരെ എല്ലാം സഹിച്ചാണ് ഇവർ ജോലിക്കു പോയിരുന്നത്. കുടുംബത്തിന്റെ ദയനീയാവസ്ഥയെ സംബന്ധിച്ച് കേരളകൗമുദി ഏപ്രിൽ 25 ന് ലോക്ക്ഡൗണിലും കൈവിടാതെ എന്ന തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ. ഗോപകുമാർ ഇക്കാര്യം പൊതുസമൂഹത്തിന്റെ ശ്രദ്ധയിലെത്തിച്ചതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്തംഗം വി. ശശീന്ദ്രയുടെ നേതൃത്വത്തിൽ 55000 രൂപ സ്വരൂപിച്ച് ഇതുവരെയുളള ചികിത്സകൾക്കായി നൽകി.

തുടർന്ന് ചെമ്മരുതി ഉർവര ഗ്രാമീണ വിജ്ഞാന കേന്ദ്രത്തിലെ യുവാക്കൾ 37000 രൂപയും, പൗർണമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 35000 രൂപയും, പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സുമനസുകൾ 60000 രൂപയും ചികിത്സാസഹായമായി എത്തിച്ചു. രോഗവ്യാപ്തിയെക്കുറിച്ചുളള പരിശോധനാ ഫലം ലഭിച്ച ശേഷം തുടർചികിത്സക്കായി ആർ.സി.സിയെ സമീപിക്കാൻ ഒരുങ്ങുകയാണ് രതി. നന്മ വറ്റാത്ത തന്റെ നാട്ടുകാർ തുടർ ചികിത്സക്കും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.