നെടുമങ്ങാട്: കൊവിഡ് തകർത്ത അവധിക്കാല വ്യാപാര, വിദ്യാഭ്യാസ മേഖലകൾ സീസൺ അവസാനിക്കും മുമ്പേ കരകയറാനുള്ള തത്രപ്പാടിൽ. ഒഴിവു കാലം പ്രയോജനപ്പെടുത്താൻ തയ്യാറെടുപ്പ് നടത്തിയിരുന്ന വസ്ത്രശാലകൾ, പാരലൽ കോളേജുകൾ, ലൈറ്റ് ആൻഡ് സൗണ്ട് സിസ്റ്റം നടത്തിപ്പുകാർ, ആട്ടോറിക്ഷ ഡ്രൈവർമാർ തുടങ്ങിയവരാണ് പ്രതീക്ഷയോടെ മടങ്ങി വരവിന് ഒരുങ്ങുന്നത്. ഉത്സവം, വിവാഹം, സമ്മേളനങ്ങൾ, വിദ്യാലയ വാർഷികം, അവധിക്കാല ട്യൂഷൻ ക്ളാസുകൾ, ഗൃഹപ്രവേശം, പരസ്യപ്രക്ഷേപണം, മതപ്രഭാഷണം മുതലായവയെല്ലാം ലോക്ക് ഡൗണിൽ കുടുങ്ങിയതാണ് സംരംഭകരെ ദുരിതത്തിലാക്കിയത്. നിലവിൽ ലഭ്യമായ ഇളവുകളുടെ ബലത്തിൽ സർക്കാർ പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ പാലിച്ച് വ്യാപാര സ്ഥാപനങ്ങളും പാരലൽ കോളേജുകളും കംപ്യുട്ടർ സെന്ററുകളും ഭാഗികമായെങ്കിലും തുറന്നു പ്രവർത്തിപ്പിക്കാനാണ് ബന്ധപ്പെട്ടവരുടെ പരിശ്രമം.കച്ചവട സ്ഥാപനങ്ങളും പഠനകേന്ദ്രങ്ങളും തുറന്നാൽ അന്നന്നത്തെ അന്നത്തിനായി നിരത്തിലോടുന്ന തങ്ങൾക്കും ഉപജീവനത്തിന് വഴിതെളിയുമെന്നാണ് ആട്ടോ തൊഴിലാളികൾ കരുതുന്നത്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങൾ മലയോര, ടൂറിസം മേഖലയിൽ ചെറുകിട സംരംഭകരുടെ ഉയർത്തെഴുന്നേല്പിന്റെ സമയമാണ്. ഈ സാദ്ധ്യത മുന്നിൽക്കണ്ട് ബാങ്ക് വായ്പയെടുത്തും പലിശയ്ക്ക് പണം കടമെടുത്തും വിപുലമായ ഒരുക്കങ്ങളാണ് പലരും പൂർത്തിയാക്കിയിരുന്നത്. അപ്രതീക്ഷിത ലോക് ഡൗണിൽ എല്ലാ സ്വപ്നങ്ങളും പൊലിഞ്ഞ സംരംഭകർക്ക് ഇനി കരകയറണമെങ്കിൽ ഉപഭോക്താക്കളുടെ സഹകരണവും സർക്കാരിന്റെ കൈത്താങ്ങും വേണം. ഇതിൽ മിക്കവരും അസംഘടിത വിഭാഗമായതിനാൽ ക്ഷേമപദ്ധതി ആനുകൂല്യങ്ങളൊന്നും ഇവർക്ക് ലഭിക്കില്ല.

ഉത്സവം, വിഷു, ഈസ്റ്റർ, ചെറിയ പെരുന്നാൾ, സ്കൂൾ വർഷാരംഭം, ഓണം തുടങ്ങി മാർച്ച് മുതൽ ഒക്ടോബർ പകുതി വരെയുള്ള കാലം വസ്ത്ര വ്യാപാര മേഖല തിരക്കിലാണ്. ഇത് ലക്ഷ്യമിട്ട് വിപുലമായ സ്റ്റോക്ക് കടകളിൽ എടുത്തു കഴിഞ്ഞപ്പോഴാണ് ലോക്ക് ഡൗൺ വന്നത്. ചുരുങ്ങിയ കാലത്തേയ്ക്കുള്ള ഈട് നൽകിയാണ് മില്ലുകളിൽ നിന്ന് ആവശ്യാനുസരണം തുണിത്തരങ്ങൾ കടകളിൽ സ്റ്റോക്ക് ചെയ്യുന്നത്. സ്കൂൾ യൂണിഫോമും വിവാഹ വസ്ത്രങ്ങളും യഥാസമയം വിറ്റു പോയില്ലെങ്കിൽ മില്ലുടമകൾ മടക്കി എടുക്കില്ല. വായ്പ മേഖലയിലും നികുതി പിരിവിലും വലിയ ഇളവുകൾ ഏർപ്പെടുത്തിയാൽ മാത്രമേ വസ്ത്ര വ്യാപാരികൾക്ക് ഇനി പിടിച്ചു നിൽക്കാൻ കഴിയുകയുള്ളു.

കുട്ടികൾ നൽകുന്ന തുച്ഛമായ ഫീസ് കൊണ്ട് കുടുംബ ജീവിതം നയിക്കുന്നവരാണ് പാരലൽ കോളേജ് നടത്തിപ്പുകാരും അദ്ധ്യാപകരും. ടൂട്ടോറിയലുകൾ അടച്ചു പൂട്ടിയതോടെ യാതൊരു വരുമാനമാർഗവും ഇല്ലാതെ പട്ടിണിയുടെ വക്കിലാണ് പലരും. 150 ഓളം ചെറുതും വലുതുമായ പാരലൽ കോളേജുകൾ നെടുമങ്ങാട്ട് പ്രവർത്തിക്കുന്നുണ്ട്.തങ്ങളുടെ ദുരിതം ബോദ്ധ്യപ്പെട്ട് സമാശ്വാസ പദ്ധതികളിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നെടുമങ്ങാട്ടെ അമ്പതോളം പാരലൽ കോളേജ് അദ്ധ്യാപകർ ഒപ്പിട്ട സങ്കട ഹർജി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. അവധിക്കാല കോഴ്‌സുകൾ നടത്താൻ കഴിയാതെ അര ഡസനോളം സ്വകാര്യ കംപ്യുട്ടർ പഠന കേന്ദ്രങ്ങളുടെ നടത്തിപ്പുകാരും ദുരിതത്തിലാണ്.

ഉത്സവങ്ങൾ മുടങ്ങിയതിലൂടെ മൈക്ക് സെറ്റ് കടകൾ നടത്തുന്നവരുടെയും ഓപ്പറേറ്റർമാരുടെയും പള്ളയ്ക്കാണ് അടി കിട്ടിയത്. സീസൺ ആഘോഷിക്കാൻ ലക്ഷങ്ങൾ ചെലവിട്ട് വാങ്ങിയ ആധുനിക ഉപകരണങ്ങൾ ഉൾപ്പടെ പൊടിയടിച്ച് ഇരിപ്പാണ്. പന്തൽ, അലങ്കാരം, ലൈറ്റ്, പരസ്യം മുതലായവയും ഇവരുടെ അനുബന്ധ തൊഴിലുകളായിരുന്നു. ഇരുനൂറോളം ലൈറ്റ് ആൻഡ് സൗണ്ട് കടകളും അഞ്ചിരട്ടി ജീവനക്കാരും ഈ മേഖലയിൽ പട്ടിണിയിലാണ്. റൂം വാടകയുടെ പേരിൽ കുടിയിറക്കൽ ഭീതിയിലാണ് പലരും.

പൊതുജനം യാത്ര കുറച്ചതോടെ ആട്ടോറിക്ഷ തൊഴിലാളികളും ദുരിതത്തിലാണ്. ഒന്നര മാസമായി ആട്ടോ റിക്ഷകൾ ഭൂരിഭാഗവും വിശ്രമത്തിലാണ്. ക്ഷേമനിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ആനുകൂല്യം ലഭിക്കണമെങ്കിൽ ഒട്ടനവധി കടമ്പകൾ കടക്കണം. ലോണെടുത്താണ് ആട്ടോറിക്ഷഎടുത്തവർക്ക് തവണ അടയ്ക്കുന്നതിന് വാഹന കമ്പനികൾ സാവകാശം അനുവദിച്ചിട്ടുണ്ട്. പക്ഷെ,മൂന്ന് മാസം പിന്നിടുമ്പോൾ തവണ അടവിന്റെ കൂട്ടുപലിശ കൂടി ഇവർ അടയ്‌ക്കേണ്ടതുണ്ട്. മക്കളുടെ പഠനച്ചെലവിനും ദൈനംദിന ആവശ്യങ്ങൾക്കും കൈയിൽ ചില്ലിക്കാശില്ലാതെ വലയുകയാണ് ആട്ടോറിക്ഷ തൊഴിലാളികൾ.