ss

തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിലെ റെഡ് സോൺ, ഹോട്ട് സ്പോട്ട് മേഖലകളിൽ നിന്നെത്തുന്നവരെ നിരീക്ഷണത്തിലാക്കാനായി എത്തിക്കുന്ന മാർ ഇവാനിയോസിലെ കേന്ദ്രത്തിനെതിരെ പരാതി. സാമൂഹിക അകലം പാലിക്കാൻ കഴിയുന്നില്ലെന്ന് ക്വാറന്റൈനിലുള്ളവരുടെ പരാതി. കഴിഞ്ഞ ദിവസം ഇഞ്ചിവിള ചെക്ക് പോസ്റ്റിൽ നിന്നു മാർ ഇവാനിയോസിലേക്ക് മാറ്റിയവരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെന്നൈയിൽ നിന്ന് ബുധനാഴ്ച ചെക്ക് പോസ്റ്റിൽ എത്തിയ ഡോക്ടർ അടക്കമുള്ള മൂന്നംഗ സംഘത്തിന് രോഗലക്ഷണങ്ങൾ കണ്ടില്ലെങ്കിലും നിയമമനുസരിച്ച് ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് ചെക്ക്‌പോസ്റ്റിൽ നിന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് ഇവരെ കൊണ്ടുപോകാൻ എത്തിച്ച ആംബുലൻസിൽ മറ്റെവിടെയോ നിന്നെത്തിയ മൂന്നുപേരെക്കൂടി കയറ്റി. ആറുപേർ ഞെരുങ്ങിയിരുന്നാണ് ഇവാനിയോസിൽ എത്തിയത്. ഉച്ചയോടെ ക്വാറന്റൈൻ കേന്ദ്രത്തിലെത്തിയ ശേഷം മൂന്നു തവണ അനുവദിക്കപ്പെട്ട റൂമിൽ നിന്നു മാറ്റുകയും രാത്രി ഏഴുമണിയോടെ വൃത്തിഹീനമായ ഒരു മുറിയിൽ എത്തിച്ചെന്നും പരാതിയുണ്ട്. തടി കൊണ്ടുള്ള കട്ടിൽ മാത്രമാണ് റൂമിൽ ഉണ്ടായിരുന്നത്. ബെഡ്ഷീറ്റോ മറ്റു സൗകര്യങ്ങളോ നൽകിയില്ല.ബാത്ത് റൂമിൽ ബക്കറ്റോ സോപ്പോ സാനിറ്റൈസറോ ലഭ്യമല്ലായിരുന്നു. ആദ്യദിവസം ഭക്ഷണം ലഭിച്ചില്ലെന്നും ഇവർ പറയുന്നു. പിറ്റേന്ന് ഉച്ചയോടെയാണ് പ്രഭാത ഭക്ഷണം ലഭിച്ചതത്രേ. എല്ലാവരും ഒരു പൊതുസ്ഥലത്ത് എത്തി സ്വയം എടുത്തുകഴിക്കുന്ന വിധത്തിലാണ് ഭക്ഷണ വിതരണം സജ്ജമാക്കിയിട്ടുള്ളത്. പല സ്ഥലങ്ങളിൽ നിന്നും വരുന്നവരായതിനാൽ ആർക്കെങ്കിലും രോഗബാധയുണ്ടെങ്കിൽ സമ്പർക്കത്തിലൂടെ പകരുമെന്ന ഭയത്തിലാണ് ക്വാറന്റൈനിലുള്ളവർ.