തിരുവനന്തപുരം: ലോക്ക് ഡൗൺ കാരണം വ്യാപാരികൾ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഫലപ്രദമായി ഇടപെടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. അടിയന്തര സഹായം ലഭിച്ചില്ലെങ്കിൽ കടക്കെണി കാരണം ആത്മഹത്യയല്ലാതെ മറ്റു പോംവഴിയില്ലെന്നും, സാമ്പത്തിക പ്രതിസന്ധി കാരണം 20ശതമാനം പേർക്ക് വ്യാപാരം അവസാനിപ്പിക്കേണ്ടി വരുമെന്നും സമിതി വ്യക്തമാക്കി. തൊഴിൽ മേഖലയുടെ അവിഭാജ്യഘടകമായ കോർപറേറ്റ് ഇതര സംരംഭക മേഖലയെ സംരക്ഷിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എന്തൊക്കെ ചെയ്തെന്ന് വിശദമാക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന രക്ഷാധികാരി കെ. ഹസൻകോയ, സംസ്ഥാന നേതാക്കളായ ജോബി വി. ചുങ്കത്ത്, റ്റി.എഫ്. സെബാസ്റ്റ്യൻ, ആലിക്കുട്ടി ഹാജി, കമലാലയം സുകു, കെ.എസ്. രാധാകൃഷ്ണൻ, എസ്.എസ്. മനോജ്, എം. നസീർ, പ്രസാദ് ജോൺ മാമ്പ്ര എന്നിവർ ആവശ്യപ്പെട്ടു. സർക്കാരുകൾക്കിടയിലെ ഏകോപനമില്ലായ്മയും വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അടിയന്തരമായി പാക്കേജ് പ്രഖ്യാപിക്കണമെന്നും, വായ്പാ കാലാവധി ആറു മാസത്തേക്കു കൂടി നീട്ടണമെന്നും പലിശരഹിത വായ്പ അനുവദിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.