covid

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഇന്നലെ 4 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 21ആയി. രാമൻപുത്തൂർ, തലൈവയ്‌പുരം സ്വദേശിയായ 26 വയസുകാരൻ, വെട്ടുവന്നിമഠം സ്വദേശിയായ യുവാവ്, സൗത്ത് താമരക്കുളം സ്വദേശിയായ പതിനേഴു വയസുകാരൻ, കല്ലുകൂട്ടം സ്വദേശിയായ 55 വയസുകാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ കാരക്കോണം മഞ്ചവിളാകം സ്വദേശിയായ അഞ്ചു വയസുകാരിക്കും പെൺകുട്ടിക്കും, അരന്താങ്കി സ്വദേശിയായ 28 വയസുകാരനും രോഗം സ്ഥിരീകരിച്ചു. ഇവർ കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്‌നാട്ടിലെ ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നു വന്നവരാണ്. ഇവർ ആരുവാമൊഴിയിൽ സ്ഥാപിച്ചിട്ടുള്ള ചെക്ക്‌പോസ്റ്റിൽ എത്തിയപ്പോഴാണ് പരിശോധന നടത്തിയത്. തുടർന്ന് അവരുടെ വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഇന്നലെ ഇവരുടെ പരിശോധനാഫലം കിട്ടിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മഞ്ചവിളാകം സ്വദേശിയായ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അരന്താങ്കി സ്വദേശിയെ അടുത്തുള്ള ആശുപത്രിയിലും ബാക്കിയുള്ളവരെ ആശാരിപ്പള്ളം ആശുപത്രിയിലും മാറ്റുകയായിരുന്നു. ജില്ലയിൽ ഇന്നലെ മൂന്നു പേർ കൂടി രോഗമുക്തരായി. ഇതുവരെ ജില്ലയിൽ 16 പേരാണ് രോഗമുക്തി നേടിയത്.