kas-

തിരുവനന്തപുരം: കേരള അഡ്മിന്സ്ട്രേറ്റീവ് സർവീസ് (കെ.എ.എസ് ) പ്രാഥമിക പരീക്ഷയുടെ മൂല്യനിർണയ നടപടികൾ പി.എസ്.സി തുടങ്ങി. ഫലം ഈ മാസം അവസാനമോ ജൂൺ ആദ്യമോ പ്രസിദ്ധീകരിക്കും.

മൂന്ന് കാറ്റഗറികളിലുമായി 5000 മുതൽ 6000 വരെ ഉദ്യോഗാർത്ഥികളെ മുഖ്യപരീക്ഷയ്ക്ക് ഉൾപ്പെടുത്താനാവശ്യമായ കട്ട് ഓഫ് മാർക്കാവും നിശ്ചയിക്കുക. സ്ട്രീം ഒന്നിലാവും ഉയർന്ന നിലയിലുള്ള കട്ട് ഓഫ് മാർക്ക്. ഫെബ്രുവരി 22 ന് പരീക്ഷ കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ പ്രാഥമിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾ സമർപ്പിച്ച പരാതികൾ പരിശോധിച്ച ശേഷം.അന്തിമ ഉത്തരസൂചിക ഉടൻ പ്രസിദ്ധീകരിക്കും.

മെയിൻ പരീക്ഷ ജൂണിലോ ജൂലായിലോ

മെയിൻ പരീക്ഷ ജൂൺ ഒടുവിലോ, ജൂലായിലോ നടത്താനാണ് പി.എസ്.സി ശ്രമിക്കുന്നത്. കെ.എ.എസ് കേഡറിലേക്കുള്ള നിയമനത്തിന് വിവിധ സർക്കാർ വകുപ്പുകൾ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ കൂടി പരിഗണിച്ചാവും മുഖ്യപരീക്ഷ എഴുതാനുള്ള റാങ്ക് പട്ടിക . വിവരാണാത്മക രീതിയിലുള്ള മൂന്ന് പേപ്പറാണ് മെയിൻ പരീക്ഷയ്ക്കുള്ളത്. ചോദ്യങ്ങൾ ഇംഗ്ലീഷിലായിരിക്കും. ഉത്തരങ്ങൾ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് നൂറു വീതമാണ് മാർക്ക്. മെയിൻ പരീക്ഷയുടെയും , അഭിമുഖത്തിന്റെയും മാർക്കാണ് റാങ്കിന് പരിഗണിക്കുന്നത്. ഈ വർഷാവസാനമോ 2021 ആദ്യമോ മെയിൻ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചേക്കും. കെ.എ.എസിൽ വിജ്ഞാപനം ചെയ്തിട്ടുള്ള വിവിധ വകുപ്പുകളിലെ 120 ഓളം 'ഓഫീസർ (ജൂനിയർ ടൈംസ്‌കെയിൽ) ട്രെയിനി' തസ്തികകളിലാണ് നിയമനം .