vp-nandakumar-

''വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് നാട്ടിൽ തേടിനടപ്പൂ...'' മോഹൻലാൽ അഭിനയിച്ച പരസ്യചിത്രത്തിലെ പാട്ടുകേൾക്കുമ്പോൾ തന്നെ മനസിലെത്തും 'മണപ്പുറം'. ഉപഭോക്താക്കളുടെ വിശ്വാസമാർജിച്ച് രാജ്യമാകെ പടർന്നുപന്തലിച്ച മണപ്പുറം ഫിനാൻസ് ലിമിറ്റഡ്, കൊവിഡ് കാലത്തും ഉപഭോക്താക്കളുടെ ഒപ്പമുണ്ട്.

കൊവിഡിനെ ഫലപ്രദമായി നേരിടുകയും ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് കടക്കുകയും ചെയ്താൽ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് രക്ഷനേടാനാകുമെന്ന് മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ എം.ഡിയും സി.ഇ.ഒയുമായ വി.പി.നന്ദകുമാർ പറയുന്നു. ''യു.എസിലും യൂറോപ്യൻ രാജ്യങ്ങളിലും മാർക്കറ്റ് തുറന്നു തുടങ്ങി. ജീവിതം മുന്നോട്ടു പോകണമെങ്കിൽ അത് ആവശ്യമാണ്. ജീവൻ മാത്രം നോക്കി വീട്ടിലിരുന്നാൽ ഉപജീവനമാർഗം ഇല്ലാതാകും. പല സാമ്പത്തിക വിദഗ്ദ്ധരും പറയുന്നത് വിപണി തുറക്കണമെന്നാണ്. എല്ലാ ആരോഗ്യ സംരക്ഷണ ഉപാധികളും മുൻകരുതലും സ്വീകരിച്ചുകൊണ്ട് പ്രവർത്തിക്കണമെന്നാണ് അവർ പറയുന്നത്.

കേരളത്തിൽ റെഡ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ സാധാരണ നിലയിലേക്ക് മടങ്ങാനിപ്പോൾ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടു കഴിഞ്ഞു. കേരളത്തിൽ മൂന്ന് മരണമേ ഉണ്ടായുള്ളൂ. അതിൽ രണ്ടും മറ്റു രോഗങ്ങളുള്ളവ‌രായിരുന്നു. ആരോഗ്യകരമായ മുൻകരുതലെടുക്കാൻ സംസ്ഥാനത്തെ ജനത്തിന് കഴിഞ്ഞു. അതു തുടരാനും നമുക്ക് കഴിയും'' അദ്ദേഹം പറയുന്നു.

വിപണിയുണരാൻ ഇനിയും വൈകും

ബിസിനസ് സ്ഥാപനങ്ങൾ ഇപ്പോൾ തുറന്നെങ്കിലും ഉപഭോക്താക്കളുടെ വരവ് വളരെ കുറവാണ്. ജനത്തിന് ആശങ്കയുണ്ട്. പൊതുഗതാഗതം തുടങ്ങിയിട്ടില്ല. തുണിക്കടകൾ പോലും സജീവമായിട്ടില്ല. ആർക്കും വരുമാനം ഉണ്ടായിത്തുടങ്ങിയില്ല. ജോലിയില്ലാത്തവരുണ്ട്. ശമ്പളം കിട്ടാത്തവരുണ്ട്. വലിയ സാമ്പത്തിക പാക്കേജുകളൊന്നും കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്ന് വന്നിട്ടുമില്ല.

ബിസിനസ് ലോകം പഴയതുപോലെയാകാൻ ഒരു വർഷമെടുക്കും. കൊവിഡിനെതിരെയുള്ള വാക്സിൻ പരീക്ഷണം നടക്കുന്നു. അതിന്റെ എല്ലാ സ്ക്രീനിംഗും കഴിഞ്ഞ് മാർക്കറ്റിലെത്താൻ ഒരു വർഷമെടുക്കും. അതുവരെ കൊവിഡിനെ നേരിട്ടുകൊണ്ട് ജീവിക്കണം.

എല്ലാം പ്രോട്ടോക്കോളും പാലിച്ചുകൊണ്ട് പ്രവർത്തിച്ചില്ലെങ്കിൽ അത് സാമ്പത്തിക വ്യവസ്ഥയെ മോശമായി ബാധിക്കും. ഗ്ലോബൽ ബാങ്ക് ഒഫ് അമേരിക്കയുടെ നിരീക്ഷണമായി ഏജൻസികൾ റിപ്പോർട്ടു ചെയ്തത്, ഇന്ത്യയുടെ സാമ്പത്തിക വളർച്ച കേവലം ഒരു ശതമാനം ആകുമെന്നാണ്. അതല്ല, നെഗറ്റീവ് വളർച്ചയാകുമെന്നും പറയുന്നവരുണ്ട്. അങ്ങനെ സംഭവിച്ചാൽ ഇവിടെ തൊഴിലില്ലായ്മ അതി രൂക്ഷമാകും.

ആവശ്യക്കാരെ തേടി

വീടുകളിലേക്ക്

ഉപഭോക്താക്കൾക്കായി കൂടുതൽ ആകർഷകമായ പദ്ധതികളാണ് ആലോചിക്കുന്നത്. അതിലൊന്ന് ഓൺലൈൻ ഗോൾഡ് ലോൺ പദ്ധതിയാണ്. സ്വർണം കൈയിലുള്ളവർക്ക് ലോക്കറിൽ വയ്ക്കുന്നതു പോലെ മണപ്പുറത്തെ സൂക്ഷിക്കാനേൽപ്പിക്കാം. ഫീസില്ല. എപ്പോഴെങ്കിലും പണത്തിന് ആവശ്യം വരുമ്പോൾ സ്വർണത്തിന്റെ വിലയുടെ 75 ശതമാനം വായ്പയായി ലഭിക്കും. പണം അടുത്ത ദിവസം തിരിച്ചടച്ചാൽ ഒരു ദിവസത്തെ പലിശ നൽകിയാൽ മതി. ഇടപാടെല്ലാം ആപ്പുവഴിയാണ്.

ഒറ്റ ഫോൺകാളിൽ ആള് വീട്ടുവാതിൽക്കലെത്തി പണമിടപാടിന് സൗകര്യം ഒരുക്കുന്നതാണ് മറ്റൊരു പദ്ധതി. 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന ബംഗളൂരു,​ മുംബയ്,​ ഡൽഹി എന്നിവിടങ്ങളിലെ ശാഖകളിൽ ഇത് നടപ്പാക്കിയിരുന്നു. ഇടപാട് പൂർത്തിയാകുമ്പോൾ പണം അക്കൗണ്ടിലെത്തും. ഈ പദ്ധതി ലോക്ക് ഡൗൺ കഴിഞ്ഞ് വ്യാപിപ്പിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ മൈക്രോഫിനാൻസ് കമ്പനി മണപ്പുറം ഫിനാൻസിന്റേതാണ്. അതിന്റെയും ഹൗസിംഗ് ലോണിന്റെയും തിരിച്ചടവ് ഓൺലൈൻ വഴിയാക്കി. ലോക്ക് ഡൗൺ കാലത്ത് മോറട്ടോറിയം കൊടുത്തു. കസ്റ്റമേഴ്സിന് പല ഇളവുകളും കൊടുക്കുന്നുണ്ട്. പല ചാർജുകളും ഒഴിവാക്കി. കൊവിഡിന്റെ സാഹചര്യം മുൻനിറുത്തി അപേക്ഷ തരുന്നത് പരിഗണിച്ച് ഒത്തുതീർപ്പാക്കി കൊടുക്കുന്നു. ഒരു കോടിയിലധികം കസ്റ്റമേഴ്സുണ്ട്. അവരുടെ മനസനുസരിച്ച് ചലിച്ചാലേ പ്രസ്ഥാനത്തിന് മുന്നോട്ടു പോകാൻ കഴിയൂ.

വീട്ടിലിരുന്ന്

ചെലവ് ചുരുക്കി

ലോക്ക് ഡൗണിലെ ആദ്യ നാളുകളിൽ വീട്ടിൽതന്നെ ഒരു ഓഫീസ് സജ്ജീകരിച്ചു. എല്ലാ ഓഫീസുകളുടെയും സുരക്ഷാസംവിധാനം കമ്പ്യൂട്ടറിലൂടെ നിരീക്ഷിച്ചു. അപ്പോൾ ചെലവ് ചുരുക്കാനായി. ഇന്നും ഞാൻ മൂന്ന് ഓൺലൈൻ മീറ്റിംഗിൽ പങ്കെടുത്തു. ‌താമസിയാതെ അത് ജീവിതത്തിന്റെ ഭാഗമായി മാറും. മുമ്പും ഇതൊക്കെ ഉണ്ടായിരുന്നു. വ്യാപകമായി ഉപയോഗിച്ചിരുന്നില്ലെന്ന് മാത്രം. ഇപ്പോൾ അത് ശീലമായി. ഞാൻ ആഴ്ചയിൽ രണ്ടു വട്ടം മുംബയിൽ പോയിരുന്നു. ഇനി അത് രണ്ടാഴ്ചയിൽ ഒരിക്കലാക്കും. ചെലവ് 20 ശതമാനമെങ്കിലും കുറയ്ക്കണം.

ഇനിയും ലോക്ക് ഡൗൺ ഉണ്ടാകാം. ഓണവിപണിയെ ബാധിക്കും. മഴക്കാലം ആശങ്ക നിറഞ്ഞതായിരിക്കും. പ്രവാസികളുടെ മടങ്ങിവരവും സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിക്കും.

അച്ഛനാണെന്റെ

റോൾ മോഡൽ

തൃശൂർ നാട്ടികയിലെ വലപ്പാടാണ് വീട്. അച്ഛൻ പദ്മനാഭൻ 1949ൽ നാട്ടിൽ മണപ്പുറം ഫിനാൻസ് തുടങ്ങി. തൃശൂരിന്റെ തീരദേശത്തെ മണപ്പുറം എന്നാണ് പറയുക. ഞാൻ പഠനം കഴിഞ്ഞ് നെടുങ്ങാടി ബാങ്കിൽ ജീവനക്കാരനായി. അച്ഛന് കാൻസർ വന്നപ്പോൾ ജോലി രാജിവച്ച് ഫാമിലി ബിസിനസ് ഏറ്റെടുക്കാൻ പറഞ്ഞു. എനിക്കൊപ്പമുള്ളവരെല്ലാം സഹോദരിമാരായിരുന്നു. ഏകമകനായ എന്നെ ഈ മേഖലയ്ക്ക് പറ്രിയ ആളാക്കി മാറ്റിയ അച്ഛനാണെന്റെ റോൾ മോഡൽ.

1986ലാണ് കൈമാറി കിട്ടുന്നത്. നേരത്തെ ഫിനാൻഷ്യൽ ട്രസ്റ്റ് എന്ന പേരിലായിരുന്നു. മണപ്പുറം ഫിനാൻസ് ലിമിറ്റഡ് കമ്പനിയായത് 1992ലാണ്. മുംബയ് സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലുമൊക്കെ രജിസ്റ്റർ ചെയ്ത കമ്പനിയാണിപ്പോൾ. ഇപ്പോൾ രാജ്യത്ത് 4700 ബ്രാ‌‌‌ഞ്ച്, 26,​000 ജീവനക്കാർ. കൂടുതലും കർണാടക,​ തമിഴ്നാട്. ആന്ധ്രയിലുമൊക്കെയാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അത്ര നല്ല സാഹചര്യമല്ല ഇവിടെ മുമ്പുണ്ടായിരുന്നത്. അതിപ്പോൾ മാറി വരുന്നുണ്ട്. കമ്പനിയുടെ ലോൺ ഔട്ട് സ്റ്റാൻഡിംഗ് 25,​000 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം നൽകിയത് ഒരു ലക്ഷം കോടി രൂപയുടെ വായ്പയാണ്. രാജ്യത്തിനു പുറത്തു നിന്ന് ട്രാൻസ‌ർ ഏജൻസികൾ നമ്മുടെ ബ്രാഞ്ചുകൾ വഴിയും പണമിടപാട് നടത്തുന്നുണ്ട്.

ഭാര്യയുടെ മണപ്പുറം

റിതി ജുവലറി

കൃഷി ഇഷ്ടമാണ്. വീട്ടിലെ ഭക്ഷണത്തിന് ആവശ്യമുള്ളത് മണപ്പുറം അഗ്രോഫാമിൽ നിന്ന് കിട്ടും. അമ്പതേക്കറോളം വരും. നൂറു പശുക്കളും കോഴികളുമെല്ലാമുണ്ട്. മിക്കവാറും എല്ലാ ദിവസവും പോകും. 400 ലിറ്റർ പാലും 200 മുട്ടയും വിൽക്കാൻ കിട്ടുന്നുണ്ട്.

ഭാര്യ സുഷമ നന്ദകുമാറാണ് മണപ്പുറം റിതി ജുവലറിയുടെ എം.ഡി. മകൾ ഡോ.സുമിത​ കൊച്ചിയിൽ ഗൈനക്കോളജിസ്റ്റാണ്. മരുമകൻ ഡോ.ജയശങ്കർ തൊടുപുഴ മെഡിക്കൽ കോളേജിലെ പ്രൊഫസറാണ്. അവർക്ക് രണ്ടു മക്കൾ ; അനുഷ്ക,​ അഷ്‌റിയ.

മകൻ സൂരജ് ഇപ്പോൾ ലണ്ടനിലാണ്. ഭാര്യ ശ്രുതി. മക്കൾ ഹീര,​ ഡോറ.

ഇളയ മകൻ സുഹാസ് ഇപ്പോൾ മണപ്പുറത്തുണ്ട്. ഭാര്യ നിനി. മകൻ വേദ്.