riswan

തിരുവനന്തപുരം:ആകാശത്തോളം അഭിമാനവും മനസു നിറയെ ജാഗ്രതയുമായി, യുദ്ധമുഖത്തെന്ന പോലെയാണ് അവർ ഇന്ത്യയുടെ ചരിത്രദൗത്യം 'വന്ദേഭാരത് മിഷനിൽ' പങ്കാളിയായത്. മാസ്‌കും ഗ്ലൗസും ശരീരം മൂടിയ പി.പി.ഇ കിറ്റുമണിഞ്ഞ് നാടിന്റെ കരുതലിലേക്ക് അവർ പ്രവാസികളെ സുരക്ഷിതരായി എത്തിച്ചു.

അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് വിമാനം പറത്തിയ ഫസ്റ്റ്ഓഫീസർ (കോ-പൈലറ്റ്) റിസ്വാൻ നാസർ അടക്കം അഞ്ച് മലയാളികൾക്ക് ഇത് അഭിമാനനിമിഷം.

അബുദാബിയിൽ വിമാനത്തിൽ ഒന്നിച്ച് ജയ്‌ഹിന്ദ് വിളിച്ചാണ് അവർ ചരിത്രദൗത്യം തുടങ്ങിയത്. ഡൽഹിക്കാരൻ ക്യാപ്‌റ്റൻ അൻഷുൽ ചൗഹാൻ മലയാളത്തിൽ നമസ്കാരം പറഞ്ഞു. ക്രൂ അംഗങ്ങൾ നെഞ്ചിൽ കൈവച്ച് അഭിമാനം പങ്കിട്ടു. കാബിൻ ഇൻ-ചാർജ് ദീപക് മേനോൻ, ക്രൂ അംഗങ്ങളായ അഞ്ജന, താഷി, പ്രിയങ്ക എന്നിവരും മലയാളികളാണ്.

യു.എ.ഇ ആരോഗ്യമന്ത്രാലയത്തിന്റെ പരിശോധനയിൽ യാത്രക്കാരെല്ലാം കൊവിഡ്-നെഗറ്റീവാണെങ്കിലും വിമാനത്തിൽ ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചു. യാത്രയ്ക്കിടെ രോഗലക്ഷണങ്ങൾ കാട്ടുന്നവരെ ഇരുത്താൻ മൂന്നുസീറ്റുകളുള്ള രണ്ടുവരി ഒഴിച്ചിട്ടു. വിമാനത്തിൽ ഭക്ഷണവും പാനീയങ്ങളും നൽകിയില്ല. പകരം രണ്ട് മാസ്‌കുകൾ, സാനിറ്റൈസർ, ലഘുഭക്ഷണം, കുപ്പിവെള്ളം എന്നിവ സീറ്റുകളിൽ വച്ചിരുന്നു. പ്രവാസികളെ യാത്രയാക്കാൻ യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻകപൂർ എത്തിയിരുന്നു. 177യാത്രക്കാരുമായി വിമാനം പറന്നുയർന്നപ്പോൾ അത് ചരിത്രത്തിലേക്കുള്ള ടേക്ക് ഓഫ് ആയി.

റിസ്വാൻ

ഷാർജയിൽ ജനിച്ചു വളർന്ന കൊച്ചിക്കാരൻ റിസ്വാൻ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ചരിത്രദൗത്യത്തിന് സ്വയംസന്നദ്ധനായതാണ്. ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിംഗ് കമ്മി​റ്റിയംഗം പി.എം.നാസറിന്റെ മകനാണ്. ഷാർജ ഇന്ത്യൻ സ്കൂളിലെ പഠനത്തിനുശേഷം മുംബയിൽ നിന്ന് ബിഎസ്.സി ഏവിയേഷൻ പാസായി. 2016ൽ അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്ന് കൊമേഴ്സ്യൽ പൈല​റ്റ് ലൈസൻസെടുത്തു. ജോർദ്ദാൻ ഫ്ലൈയിംഗ് സ്‌കൂളിൽനിന്ന് 737 ബോയിംഗ് ലൈസൻസും നേടി. മൂന്നുവർഷമായി എയർഇന്ത്യയിലാണ്. ഇതുവരെ 5,000 മണിക്കൂർ പറപ്പിച്ചു. പതിനായിരം മണിക്കൂറായാൽ റിസ്വാന് ക്യാപ്‌റ്റനാവാം.