തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാനുള്ള ദൗത്യത്തിൽ പങ്കാളിയായി റെഡ് ക്രോസും. ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ മുതൽ വിവിധ പ്രതിരോധപ്രവർത്തനങ്ങളുമായി റെഡ് ക്രോസും മുന്നിലുണ്ടായിരുന്നു. റെഡ് ക്രോസ് ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 8ന് തീരദേശമേഖലയായ പനത്തുറയിൽ ജില്ലാ പ്രസിഡന്റ് പി.എച്ച്. ഹരികൃഷ്ണൻ പതാകയുയർത്തും. ജില്ലയിൽ കൊവിഡ് പ്രതിരോധത്തിന് അക്ഷീണം പ്രയത്നിക്കുന്ന കളക്ടർ കെ. ഗോപാലകൃഷ്ണൻ, സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ, ഡി.എം.ഒ പ്രീത എം.കെ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഷർമദ് എം.എസ് എന്നിവരെ ഓഫീസുകളിലെത്തി ആദരിക്കും. റെഡ് ക്രോസിന്റെ ഹെല്പ് ലൈൻ വഴി മരുന്നിന് ബുദ്ധിമുട്ടുന്ന നിരവധി പേർക്ക് സൗജന്യമായി മരുന്നുകൾ വീട്ടിലെത്തിച്ച് നൽകുന്ന പദ്ധതി തുടരുകയാണ്.
ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ ട്രാഫിക് നിയന്ത്രണത്തിൽ പൊലീസിനെ സഹായിക്കാൻ റെഡ് ക്രോസ് അംഗങ്ങളും പങ്കാളികളായി. ദിനാചരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ രക്തദാനം സംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ടെന്ന് ജില്ലാ സെക്രട്ടറി ആർ. ജയകുമാർ പറഞ്ഞു.